സണ്ണി തോമസ് വേർപാട്; ആത്മബന്ധം അനുസ്മരിച്ച് ചാക്കോ സാർ
1547032
Thursday, May 1, 2025 12:15 AM IST
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജ് ആരംഭിക്കുമ്പോൾ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് അധ്യാപകരെ തേടിയ മാനേജ്മെന്റ് ആദ്യം കണ്ടെത്തിയത് സണ്ണി തോമസിനെയായിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളജിൽ പഠിപ്പിക്കുന്ന അധ്യാപകനെ മാനേജ്മെന്റ് സ്നേഹസമ്മർദത്തിലൂടെയാണ് സെന്റ് സ്റ്റീഫൻസിലേക്ക് എത്തിച്ചത്. കോളജിൽ വകുപ്പ് മേധാവിയാക്കിയ സണ്ണി സാർ 33 വർഷങ്ങൾക്കുശേഷം സെന്റ് സ്റ്റീഫൻസിന്റെ പടിയിറങ്ങുമ്പോൾ വൈസ് പ്രിൻസിപ്പൽ തസ്തികയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.
സണ്ണി സാറെത്തി ഒരു വർഷത്തിനുശേഷമാണ് ഞാൻ ഡിപ്പാർട്ട്മെന്റിലെത്തുന്നത്. അന്നു തുടങ്ങിയ അടുപ്പവും സൗഹൃദവും സെന്റ് സ്റ്റീഫൻസിന്റെ പടിയിറങ്ങിയിട്ടും ഇന്നും തുടരുന്നു, ദേവമാതാ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രഫ. കെ.എം ചാക്കോയുടെ ഓർമകൾ ആറ് പതിറ്റാണ്ടോളം പിന്നോട്ട് സഞ്ചരിക്കുമ്പോൾ അനുഭവങ്ങൾക്ക് തിളക്കം കൂടുകയാണ്. കഴിഞ്ഞ ദിവസവും ഒരു മീറ്റിംഗിൽ ഒരുമിച്ച് കണ്ടതാണ്. പെട്ടെന്നായിരുന്നു. ചാക്കോസാറിന്റെ കണ്ണുകളിൽ നനവ് പടർന്നു.