ചെത്തിപ്പുഴയില്‍ അഞ്ചുമുതല്‍ സര്‍ഗക്ഷേത്ര പ്രഫഷണല്‍ നാടക മത്സരം
1546959
Wednesday, April 30, 2025 7:33 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്ര ഇടിമണ്ണിക്കല്‍ അഖില കേരള പ്രഫഷണല്‍ നാടക മത്സരം യവനിക സീസണ്-4 മേയ് അഞ്ചിന് ആരംഭിക്കും. സര്‍ഗക്ഷേത്ര അങ്കണത്തിലെ വെങ്ങാന്തറ വി.സി. ജോണ്‍ നഗറില്‍ തയാറാക്കിയ പന്തലില്‍ കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ നാടകങ്ങള്‍ ദിവസവും വൈകുന്നേരം 6.30ന് അരങ്ങേറും. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അംഗങ്ങള്‍ക്കും പുതുതായി അംഗത്വം സ്വീകരിക്കുന്നവര്‍ക്കും പ്രവേശന പാസ് വാങ്ങുന്നവര്‍ക്കും നാടകോത്സവത്തില്‍ പങ്കെടുക്കാം.
അഞ്ചിന് വൈകുന്നേരം 6.15ന് ചലച്ചിത്രതാരം സ്മിനു സിജോ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിക്കും. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ചെയര്മാന് ജോര്‍ജ് വര്‍ക്കി, സര്‍ഗക്ഷേത്ര കണ്‍വീനര്‍ ജിജി കോട്ടപ്പുറം, ജോണ്‍ പാലത്തിങ്കല്‍, ജോസ് ജോസഫ്, എം.എ. ആന്റണി, ബ്രദര്‍ ജോബി കുട്ടമ്പേരൂര്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന നാടകം അവതരിപ്പിക്കും. ആറിന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ, ഏഴിന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ്, എട്ടിന് കൊച്ചിന് ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം, ഒമ്പതിന് തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍, പത്തിന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ വനിതാ മെസ്, പതിനൊന്നിന് തിരുവനന്തപുരം അക്ഷരകലയുടെ ഹൃദ്യമീലാവ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
വരുമാനം വിധവകളുടെ വീടുനിര്‍മാണത്തിന്
12ന് പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഭാഗമായി 89.6 എഫ്എം സര്‍ഗക്ഷേത്ര റേഡിയോയുടെ നേതൃത്വത്തില്‍ നാടകഗാന മത്സരം നടത്തും. വിജയികള്‍ക്ക് ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കും.
13ന് വൈകുന്നേരം 6.15ന് സമാപന സമ്മേളനവും മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അമല തിയറ്റേഴ്സിന്റെ തച്ചന് എന്ന നാടകം അവതരപ്പിക്കും.
നാടകോത്സവത്തോടനുബന്ധിച്ച് ഭവനരഹിതരായ വിധവകള്‍ക്ക് ഇതിനോടകം നാല് വീടുകള്‍ നിര്‍മിച്ച് നല്കി. സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍, അക്കാദമിക്, മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ ഭവനരഹിതയായ വിധവയ്ക്ക് വീട് നിര്‍മിച്ചു നല്കുന്ന സര്‍ഗഭവനം പദ്ധതിയും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും. അഞ്ചാമത്തെ വീടിന്റെ നിര്‍മാണം നാടകോത്സവ ദിനങ്ങളില്‍ ആരംഭിക്കുമെന്ന് സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ പറഞ്ഞു.
സര്‍ഗക്ഷേത്ര ചെയര്മാന് ജോര്‍ജ് വര്‍ക്കി, ജോണ്‍ ജോസഫ്, ജോസ് നടുവിലേഴം, എം.എ. ആന്റണി, ബ്രദര്‍ ജോബി കുട്ടമ്പേരൂര്‍, ജിജി കോട്ടപ്പുറം, വര്‍ഗീസ് ആന്റണി, എം.ജെ. അപ്രേം, സേവ്യര്‍ സെബാസ്റ്റ്യന്‍, എസ്. പ്രേമചന്ദ്രന്, വി.ജി. ജേക്കബ്, ജോയിച്ചന്‍ പാത്തിക്കല്‍, ജോസുകുഞ്ഞ് മണമേല്‍, ജമുനാ ഫ്രാന്‍സിസ്, ആയിഷ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.