മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രധാന ഓപ്പറേഷൻ തിയറ്ററിലേക്കുള്ള ലിഫ്റ്റ് തകരാറിൽ
1547302
Thursday, May 1, 2025 7:25 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള ഒരു ലിഫ്റ്റ് തകരാറിലായിട്ട് ആഴ്ചകൾ പിന്നിടുന്നു. കാലപ്പഴക്കത്തെത്തുടർന്നാണ് ലിഫ്റ്റ് അടിക്കടി തകരാറിലാകുന്നത്. ഇതുമൂലം രോഗികളും ഡോക്ടർമാരും ജീവനക്കാരും ദുരിതത്തിലാണ്.
ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും വാർഡുകളിലേക്കും ഓപ്പറേഷൻ തിയറ്ററിലേക്കും പോകുന്നതിന് ഈ ലിഫ്റ്റ് അത്യന്താപേക്ഷിതമാണ്. രോഗികളുടെ ബാഹുല്യത്തെത്തുടർന്ന് ഇവിടെ രണ്ട് ലിഫ്റ്റ് അത്യാവശ്യമാണ്. എന്നാൽ പുതുതായി ഏർപ്പെടുത്തിയ ഒരു ലിഫ്റ്റ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
അതേസമയം പഴയ അത്യാഹിതത്തിനു സമീപം നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ ഇവിടെനിന്നു മെഡിസിൻ, ത്വക്ക്, നേത്രരോഗം, നെഫ്രോളജി തുടങ്ങിയ ഒപികളിലേക്ക് പോകുന്നതിനുള്ള ലിഫ്റ്റും പ്രവർത്തിക്കുന്നില്ല. ഇതും രോഗികളെയും ജീവനക്കാരേയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.