ഉപവാസസമരം ആയിരങ്ങള്‍ അണിചേര്‍ന്ന ജനകീയ മുന്നേറ്റമായി
1547036
Thursday, May 1, 2025 12:15 AM IST
കോട്ടയം: പൊതുസമൂഹത്തെ വിഴുങ്ങുന്ന ലഹരി വിപത്തിനെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നടത്തിയ ഉപവാസസമരം ആയിരങ്ങള്‍ അണിചേര്‍ന്ന ജനകീയ മുന്നേറ്റമായി. ലഹരിയുടെ പിടിയില്‍പ്പെട്ട് കണ്ണീര്‍ക്കയത്തിലായ അനേകായിരം കുടുംബങ്ങളെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് അക്ഷരനഗരിയില്‍ തുടക്കം കുറിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ലഹരിയുടെ പിടിയില്‍പ്പെടാതെ യുവതലമുറയെ സംരക്ഷിക്കേണ്ട ഭരണകൂടത്തിന്റെ നിര്‍വികാരതയാണു കേരളത്തിലെ ലഹരിവ്യാപനത്തിന് ആക്കം കൂട്ടുന്നതെന്ന് സമരത്തിന് പിന്തുണയുമായെത്തിയ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ പോരാട്ടത്തിനു മുന്നിട്ടിറങ്ങിയതിന് തിരുവഞ്ചൂരിന് നന്ദി പറയാന്‍ കോട്ടയത്തെ പൊതുസമൂഹം മുഴുവന്‍ അക്ഷരനഗരിയില്‍ പ്രത്യേകം തയാറാക്കിയ സമരപന്തലിലെത്തി. രാവിലെ ഒന്‍പതിന് ആരംഭിച്ച ഉപവാസസമരം വൈകുന്നേരം ആറിനാണ് സമാപിച്ചത്. വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, സിനിമാ മേഖലകളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പോരാട്ടത്തിന് പിന്തുണയുമായെത്തി.
ലഹരിയെന്ന മാരകവിപത്തിലേക്ക് കേരളീയ പൊതുസമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും കൊണ്ടുവരാന്‍ തിരുവഞ്ചൂരിന്റെ ഉപവാസത്തിന് സാധിച്ചതായി സമരപന്തലിലെത്തിയ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചൂണ്ടിക്കാട്ടി. ചിങ്ങവനം മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ലഹരിക്കെതിരായ കുംഗ്ഫു അവതരണം കൈയടി നേടി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന്, ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്വാമി ഗുരുരത്നം ജ്ഞാനതപസി, സ്വാമി ശ്രീനാരായണ പ്രസാദ്, ഗരുഡധ്വജാനന്ദ സ്വാമികള്‍ പരമാനന്ദ തീര്‍ഥ സ്വാമികള്‍, എംപിമാരായ ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.സി. ജോസഫ്, കുര്യന് ജോയി, ഡോ. സിറിയക് തോമസ്, ടോമി കല്ലാനി, യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി, പി.സി. തോമസ്, ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍, ചലച്ചിത്ര നടന് പ്രേംപ്രകാശ് കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലിം, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ് ജോയി ഏബ്രഹാം, വി.ജെ. ലാലി, അസീസ് ബഡായി, ജോയി മാത്യു, താഹാ മൗലവി, മഹുമ്മദ് ഷെഫീക്ക് മൗലവി, നിഷാദ് മൗലവി, സാദിക്ക് മൗലവി, സിഎസ്ഡിഎസ് സംസ്ഥാനപ്രസിഡന്റ് സുരേഷ്, തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള ഒട്ടേറെപ്പേര്‍ തിരുവഞ്ചൂരിന്റെ പോരാട്ടത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സാമൂഹ്യപ്രവര്‍ത്തക സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര നാരങ്ങാ നീര് നല്കി ഉപവാസസമരം അവസാനിപ്പിച്ചു.