അന്ത്യാളം-പയപ്പാര്‍ റോഡ് അപകടാവസ്ഥയില്‍
1547048
Thursday, May 1, 2025 12:15 AM IST
പാലാ: അന്ത്യാളം -പയപ്പാര്‍ റോഡില്‍ ചെക്കുഡാമിന് സമീപം റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഇവിടെയുണ്ടായിരുന്ന മരം കടപുഴകി വീണതു മൂലം റോഡിന്റെ ഒരു ഭാഗം തോട്ടില്‍ പതിക്കുകയായിരുന്നു. നീളത്തില്‍ വിള്ളലും സംഭവിച്ചിട്ടുണ്ട്. ഇവിടെ റോഡിന് സംരക്ഷണഭിത്തി വേണമെന്ന് പിഡബ്ള്യുഡി അധികൃതര്‍ക്ക് നിരവധി തവണ നാട്ടുകാര്‍ നിവേദനം നല്കിയിട്ടുള്ളതാണ്.
നൂറു മീറ്ററോളം ഭാഗം അപകടാവസ്ഥയിലാണ്. റിബണ്‍ കെട്ടി അപകടഭാഗം തിരിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇനിയും റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. വാര്‍ഡ് മെംബര്‍ ലിന്റണ് ജോസഫ്, പിഡബ്ള്യുഡി അധികൃതരെ വിവരമറിയച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.