42 വർഷം അങ്കണവാടി അധ്യാപികയായിരുന്ന ഗീതമ്മ ഇന്ന് വിരമിക്കും
1546635
Wednesday, April 30, 2025 2:49 AM IST
ഉരുളികുന്നം: അങ്കണവാടി അധ്യാപികയായി 42 വർഷം സേവനമനുഷ്ഠിച്ച ഗീതമ്മ ഇന്ന് വിരമിക്കും.കെ.എസ്. ഗീതമ്മ എന്ന രാധടീച്ചറിനാണ് ഒരുഗ്രാമത്തിലെ അങ്കണവാടിയിൽ തന്നെ തുടർച്ചയായി നാലുപതിറ്റാണ്ടിലേറെ സേവനം ചെയ്യാൻ അപൂർവ അവസരം ലഭിച്ചത്. 1983ൽ 18ാം വയസിൽ എലിക്കുളം പഞ്ചായത്തിലെ ഉദയ അങ്കണവാടിയിൽ ജോലിയിൽ പ്രവേശിച്ച കെ.എസ്. ഗീതമ്മ ഇന്ന് വിരമിക്കുകയാണ്. നാട് ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പ് നൽകും.
ഉരുളികുന്നം രണ്ടുതലമുറയ്ക്ക് ബാലപാഠങ്ങൾ പകർന്നുനൽകിയ ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും ശിഷ്യരുണ്ട്. അച്ഛനമ്മമാരും മക്കളും ശിഷ്യരാണ്. പാമ്പാടി ഐസിഡിഎസ് രൂപവത്ക്കരിച്ചപ്പോഴത്തെ ആദ്യബാച്ചിൽ പരിശീലനം നേടി ജോലിയിൽ പ്രവേശിച്ചതാണ്.
കഴിഞ്ഞ ദിവസം അങ്കണവാടി കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന സഹൃദയ പകൽവീടിന്റെ പ്രവർത്തകരും പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകിയിരുന്നു. ഭർത്താവ് രാജൻ, മകൻ പ്രതീഷ്, ഭാര്യ അനു, ഇവരുടെ മകൾ ധ്വനി എന്നിവർക്കൊപ്പം പൈക ഏഴാംമൈൽ കുന്നത്തുകാട്ടിൽ വീട്ടിലാണ് കെ.എസ്. ഗീതമ്മയുടെ താമസം.