കാലാവസ്ഥ വ്യതിയാനം; തീരദേശത്ത് വേലിയേറ്റം ശക്തം
1546966
Wednesday, April 30, 2025 7:33 AM IST
അമ്പലപ്പുഴ: കാലാവസ്ഥ വ്യതിയാനം മൂലം തീരദേശത്ത് കടൽ വേലിയേറ്റം ശക്തം. പലഭാഗത്തും പുലിമുട്ടിൽ കൂറ്റൻ തിരമാലകൾ അടിച്ച് കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലേക്ക് കടൽ ഇരച്ചുകയറുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരത്താണ് കടൽകയറ്റം ഏറെ നഷ്ടം വിതയ്ക്കുന്നത്.
ഇവിടെ വാവക്കാട്ട് പൊഴിയിലേക്ക് രണ്ടു ദിവസമായി തിരമാലകൾ ഇരച്ചുകയറുന്നതുമൂലം പൊന്തുവള്ളക്കാർക്കു പോലും കടലിൽ ഇറക്കാൻ പറ്റാത്ത വസ്ഥയാണ്. തീരം സംരംക്ഷിക്കാൻ വച്ചുപിടിപ്പിച്ച കൂറ്റൻ കാറ്റാടി മരങ്ങൾ ഉൾപ്പെടെ കടപുഴകി.
കൂടാതെ തിരമാലയുടെ ശക്തിയിൽ അടിവേരിളകിയ നിരവധി മരങ്ങളാണ് നർബോന തീരത്തുള്ളത്. ഇവിടെ കടൽഭിത്തിയില്ലാത്തതുമൂലം ഏതു സമയത്തും ദുരന്തം എത്തുമെന്ന് ഭയന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്.