കാതോലിക്കാ ബാവായ്ക്ക് ഇന്ന് സ്വീകരണം
1547040
Thursday, May 1, 2025 12:15 AM IST
മണര്‍കാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്കു കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വീകരണം നല്‍കും.
ഇന്നു വൈകുന്നേരം നാലിനു കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലില്‍നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ചു വാഹനങ്ങളുടെ അകമ്പടിയോടെ കെകെ റോഡ് വഴി മണര്‍കാട് കവലയില്‍ എത്തിച്ചേരും.
തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെ തുറന്ന വാഹനത്തില്‍ മണര്‍കാട് പള്ളിയിലേക്ക് എതിരേല്ക്കും. പള്ളിയിലെത്തിയശേഷം സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് സ്വീകരണ സമ്മേളനവും നടക്കും. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അനുമോദന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മം ശ്രേഷ്ഠ കാതോലിക്കാ മോര് ബസേലിയോസ് ജോസഫ് ബാവാ നിര്‍വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണവും മൈലാപ്പുര് ഭദ്രാസനാധിപന്‍ ഐസക്ക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അനുമോദനപ്രസംഗവും നടത്തും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, കത്തീഡ്രല്‍ സഹവികാരി ഫാ. ലിറ്റു ടി. ജേക്കബ്, കത്തീഡ്രല്‍ ട്രസ്റ്റി ബെന്നി ടി. ചെറിയാന് എന്നിവര്‍ പ്രസംഗിക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് കത്തീഡ്രലിന്റെ ഉപഹാരം ഭാരവാഹികള്‍ സമര്‍പ്പിക്കും.