ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി തൊഴിലാളിക്ക് ഗുരുതരപരിക്ക്
1546965
Wednesday, April 30, 2025 7:33 AM IST
അമ്പലപ്പുഴ: ചപ്പാത്തി മെഷീനിൽ തൊഴിലാളിയുടെ കൈ കുടുങ്ങി ഗുരുതരപരിക്ക്. പുന്നപ്ര ചന്ദ്രഭവനിൽ സതിയമ്മ(57)യുടെ വലതു കൈപ്പാദമാണ് കുടുങ്ങിയത്. അപകടത്തിൽ കൈപ്പത്തി ചതഞ്ഞരഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പിവളപ്പിൽ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമാണ കമ്പനിയിൽ ചപ്പാത്തി നിർമാണത്തിനിടെയാണ് അപകടം.
തകഴിയിൽനിന്നും ആലപ്പുഴയിൽനിന്നുമെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടിഗ് മെഷീൻ ഉപയോഗിച്ച് യന്ത്രം മുറിച്ചുനീക്കി അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കൈപ്പുറത്തെടുക്കുകയായിരുന്നു.
അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പോലീസ് ജീപ്പിൽ തൊഴിലാളിയെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. തകഴി സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.