ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ ലഹരിവിരുദ്ധ റാലി
1546650
Wednesday, April 30, 2025 2:49 AM IST
കോട്ടയം: ഐക്യക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ കോട്ടയം മുതല്‍ മുണ്ടക്കയം വരെ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. രാവിലെ 8.30നു കോട്ടയം ഗാന്ധി സ്ക്വയറില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30നു മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വാഹന പ്രചാരണ റാലി സമാപിക്കും. കോട്ടയം മുതല്‍ മുണ്ടക്കയം വരെ തെരഞ്ഞെടുത്ത 15 സ്ഥലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും കോളജുകളിലെയും സ്കൂളുകളിലെയും കുട്ടികള്‍ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ കലാപരിപാടികളും നടത്തും.
കുട്ടികള്‍ കൗമാരത്തിലേക്കു കടക്കുന്നതിന് മുമ്പ് അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തിയാല്‍ ഫലവത്തായിത്തീരുമെന്ന് ഐക്യക്രിസ്തീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കും സണ്ഡേസ്കൂള് ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കും ബോധവത്കരണവും പരിശീലനവും ആവശ്യമാണ്. ലഹരി വ്യാപനം കൂടുതലായി കാണപ്പെടുന്ന ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പുനരധിവാസ പദ്ധതികളും നടത്തണം. ലഹരിയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ചികിത്സ വേണ്ടവരെ തിരിച്ചറിഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യമായും ചികിത്സ നല്‍കണം.
ലഹരിയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ കൊടുക്കണം. സര്‍ക്കാര്‍ വകുപ്പുകളും എന്‍ജിഒകളും ചേര്‍ന്നുള്ള കര്‍മപരിപാടികള്‍ ശക്തിപ്പെടണമെന്നും ഐക്യക്രിസ്തീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആന്റി ഡ്രഗ് മൂവ്മെന്റ് ജനറല്‍ കണ്‍വീനര്‍ ഡോ. ബെഞ്ചമിന്‍ ജോര്‍ജ്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, സജീവ് ഫിലിപ്പ്, പ്രതീഷ് കെ. ബേബി എന്നിവര്‍ പങ്കെടുത്തു.