എടത്വ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം
1546964
Wednesday, April 30, 2025 7:33 AM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറിയതോടെ വിശ്വാസി കളുടെ പ്രവാഹവും ആരംഭിച്ചു. ഇന്നലെ നിരവധി തീര്‍ഥാടകരാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്. തിരുനാള്‍ കൊടിയേറ്റിന് ദിവസങ്ങള്‍ക്ക് മുന്‍പേ എടത്വ പള്ളിയിലും പരിസര പ്രദേശങ്ങളിലും തമിഴ് വിശ്വാസികള്‍ തമ്പടിച്ചു തുടങ്ങിയിരുന്നു.
11 ദിവസം തമിഴ്നാട്ടുകാരാണ് വിശുദ്ധ കുര്‍ബാനയില്‍ ഏറെയും പങ്കെടുക്കുന്നത്. തിരുനാള്‍ കൊടിയേറ്റിയതോടെ തമിഴ് വിശുദ്ധ കുര്‍ബാനകളും ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള വൈദികരാണ് വിശുദ്ധ കുര്ബാനയ് ക്ക് കാര്‍മികത്വം വഹിക്കുന്നത്.
തമിഴ് വിശ്വാസികള്‍ക്കു പുറമേ കര്‍ണാടക, ആന്ധ്ര, മുംബൈ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിശ്വാസികളും എടത്വയില്‍ എത്തിച്ചേരും. തിരുനാള്‍ കൊടിയേറിയാല്‍ തമിഴ്നാട്ടിലെ കന്യാകുമാരി, രാജാക്കമംഗലം, മാര്‍ത്താണ്ഡം തുറക്കാര്‍ക്കാണ് തിരുനാള്‍ നടത്തിപ്പിന്റെ പൂര്‍ണ അവകാശം നല്‍കിയിരിക്കുന്നത്. മെയ് ആറിലെ ചെറിയ പ്രദക്ഷിണത്തിലും പ്രധാന തിരുനാള്‍ ദിനമായ ഏഴിന് നടക്കുന്ന പ്രദക്ഷിണത്തിനും തമിഴ് നാട്ടുകാരാണ് നേതൃത്വം നല്‍കുന്നത്.
വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കാനുള്ള അവകാശവും ഇവര്‍ക്കാണ്. ഓരോ തിരുനാള്‍ കാലം ആരംഭിക്കുമ്പോഴും വിശ്വാസികളുടെ എണ്ണവും അതിരില്ലാതെ വര്‍ധിക്കുന്നുണ്ട്. 15 ലക്ഷത്തിലേറെ വിശ്വാസികള്‍ എടത്വ പള്ളിയില്‍ എത്തിച്ചേര്‍ന്ന് വിശുദ്ധ ഗീവര്‍ഗീസ് ദര്‍ശനം നടത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
1810ല്‍ എടത്വ പള്ളി സ്ഥാപിച്ച കാലം മുതല്‍ തമിഴ് വിശ്വാസികള്‍ എടത്വ നിവാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത അതിഥികളാണ്. വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നതോടെ തീര്‍ഥാടകരുടെ വരവ് വര്‍ധിക്കും. ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം ആയിരക്കണക്കിന് ഇതര മതവിശ്വാസികളും ഓരോ തിരുനാള്‍ കാലത്തും എടത്വയില്‍ എത്തിച്ചേരാറുണ്ട്.
പള്ളിക്കു ചുറ്റും മുട്ടിലിഴഞ്ഞും തലയില്‍ കരിങ്കല്‍ ചുമന്നുമാണ് വിശ്വാസികള്‍ തങ്ങളുടെ എല്ലാ ദുഃഖങ്ങളും വിശുദ്ധന്റെ മുന്പില് കെട്ടഴിക്കുന്നത്. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്ന തമിഴ് വിശ്വാസികളുടെ താമസ സൗകര്യം ഉള്‍പ്പെടെ അടിയന്തര സഹായങ്ങൾ പള്ളി അധിക്യതര്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു.
പള്ളിയില്‍ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ദുരൈസ്വാമി, 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - റവ ഡോ. ജോണ്‍ തെക്കേക്കര, (വികാരി ജനറാള്‍ ചങ്ങനാശേരി അതിരൂപത) 7.45ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. ജയിംസ് കുടിലില്‍.
10ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍)-ഫാ. അജീഷ് അട്ടിയില്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -റവ ഡോ. ജോസഫ് പുത്തന്‍പറമ്പില്‍, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) -ഫാ. ജെനീസ്, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).