കൊല്ലമുളയിൽ കലുങ്ക് നിർമാണം തുടങ്ങി
1546640
Wednesday, April 30, 2025 2:49 AM IST
മുക്കൂട്ടുതറ: അഞ്ച് വർഷം മുമ്പ് പൊളിച്ചു നിർമിച്ച കലുങ്ക് ഇപ്പോൾ വീണ്ടും പൊളിച്ചു നീക്കുകയാണ് മരാമത്ത് വകുപ്പ്. നിർമാണത്തിലെ അപാകതയാണ് വിനയായത്. 37 ലക്ഷം ചെലവിട്ട് നിർമിച്ച കലുങ്കാണ് പൊളിച്ചു നീക്കുന്നത്.
ചാത്തൻതറ - മുക്കൂട്ടുതറ റോഡ് വികസനത്തിന്റെ ഭാഗമായി 2020 ഫെബ്രുവരിയിലാണ് കൊല്ലമുള ടൗണിൽ കലുങ്ക് പൊളിച്ചു നീക്കി നിർമാണം നടത്തിയത്. അന്ന് നിർമാണ വേളയിൽ അപാകത പ്രകടമായിരുന്നു. ടണൽ പോലുള്ള കുഴൽ കലുങ്കിന്റെ അടിയിൽ ഉണ്ടായിരുന്നത് നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം വെള്ളം ഒഴുകി പോകാൻ തടസമുണ്ടാകുമെന്നും നാട്ടുകാർ അറിയിച്ചതാണ്. എന്നാൽ, ഇത് അവഗണിച്ചാണ് നിർമാണം നടത്തിയത്. നിർമാണം കഴിഞ്ഞ് രണ്ട് വർഷമായപ്പോൾ കലുങ്ക് നിറഞ്ഞ് വെള്ളം ഒഴുകി ടൗണിലെ കടകൾ വെള്ളത്തിൽ മുങ്ങി. ഇതോടെയാണ് നിർമാണത്തിലെ പിഴവ് മരാമത്ത് വകുപ്പിൽ ബോധ്യപ്പെട്ടത്.
പൊളിച്ചു മാറ്റി പുതിയ കലുങ്ക് നിർമിക്കാതെ പരിഹാരം ഇല്ലെന്ന് നാട്ടുകാർ എംഎൽഎയെ അറിയിക്കുകയും ഈ ആവശ്യം ഉന്നയിച്ച് മരാമത്ത് വകുപ്പിലും ജില്ലാ കളക്ടർക്കും പ്രവാസിയായ കോട്ടയിൽ ജോയിയുടെ നേതൃത്വത്തിൽ പരാതികളും നിവേദനങ്ങളും നൽകിയതോടെയാണ് ഇപ്പോൾ കലുങ്ക് പൊളിച്ചു നീക്കി പുതിയത് നിർമിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.
കലുങ്ക് പൊളിച്ചു നീക്കിയ ശേഷം വെള്ളം ഒഴുകിപ്പോകാൻ പുതിയ കോൺക്രീറ്റ് പൈപ്പിട്ട് ടാറിംഗ് നടത്താനാണ് നീക്കം. 10 മീറ്ററോളം വീതിയിലാണ് പുതിയ കലുങ്ക് നിർമിക്കുക.
അതുവരെ ചാത്തൻതറയിൽ നിന്നു വരുന്ന ചെറു വാഹനങ്ങൾ കൊല്ലമുള സാംസ്കാരിക നിലയം വഴിയുള്ള റോഡിലൂടെ പലകക്കാവിൽ എത്തി പോകണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം പിഴവ് മൂലം കലുങ്ക് പൊളിച്ചു നീക്കേണ്ടി വന്നതിനാൽ 37 ലക്ഷം പാഴായത് സംബന്ധിച്ച് അന്വേഷണവും നടപടികളും ഇല്ലെന്ന് ആക്ഷേപം ശക്തമാണ്.