കണമല ഇറക്കത്തിൽ ജല വകുപ്പിന്റെ കുഴിയെടുപ്പ്: അപകടമെന്ന് പരാതി
1546641
Wednesday, April 30, 2025 2:49 AM IST
കണമല: മലയാള മാസ പൂജയ്ക്ക് അടുത്ത ദിവസം ശബരിമല തീർഥാടകർ എത്താനിരിക്കെ അപകടം സൃഷ്ടിക്കാനുള്ള സാധ്യത ഒരുക്കി കണമല ഇറക്കത്തിൽ റോഡിന്റെ വശങ്ങൾ കുഴിച്ചു മൂടുന്നെന്ന് പരാതി. ഒട്ടേറെ അപകടങ്ങൾ സംഭവിച്ച പാതയാണ് കണമല ഇറക്കം. കഴിഞ്ഞ ദിവസമാണ് ബസ് മറിഞ്ഞ് ഒരു തീർഥാടകൻ മരണപ്പെട്ടത്.
ജലവിതരണ കുഴലുകൾ സ്ഥാപിക്കാൻ വേണ്ടിയാണ് ജല അഥോറിറ്റിയുടെ നേതൃത്വത്തിൽ കുഴിയെടുപ്പ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ദേശീയ പാതയിൽ റോഡിന്റെ വശങ്ങൾ കുഴിക്കുന്നതിന് പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ നടപ്പിലാക്കാതെയാണ് കുഴി എടുത്തു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാരനും പൊതു പ്രവർത്തകനുമായ എബി കാവുങ്കൽ പറഞ്ഞു.
റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ഭാഗങ്ങൾ കട്ടർ ഉപയോഗിച്ച് നീക്കി കുഴി എടുക്കേണ്ടതിന് പകരം ഇത് ചെയ്യാതെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് നെടുനീളത്തിൽ കുഴി എടുത്തു കൊണ്ടിരിക്കുന്നതെന്നും ഇത് തീർഥാടക വാഹനങ്ങളെ അപകടപ്പെടുത്തുമെന്നുമാണ് ആക്ഷേപം. ഇറക്കത്തിലെ റോഡിൽ സ്ഥാപിച്ച അപകട സൂചനാ മുന്നറിയിപ്പുകൾ മിക്കതും കുഴിയെടുപ്പ് മൂലം നീക്കം ചെയ്ത നിലയിലാണെന്നും ആക്ഷേപമുണ്ട്.
എരുമേലി സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി കണമല, പമ്പാവാലി പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനായാണ് റോഡിന്റെ വശങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്നതെന്ന് ജല അഥോറിറ്റി അധികൃതർ പറയുന്നു. റോഡ് നിർമാണം കഴിഞ്ഞ ശേഷം പൈപ്പുകൾ സ്ഥാപിക്കുന്നതെന്ന പതിവ് പരാതി ഒഴിവാക്കാൻ വേണ്ടിയാണ് ഇപ്പോൾ പൈപ്പുകൾ ഇടുന്നതെന്നും റോഡ് നിർമാണം ഉടനെ നടക്കുമെന്നതിനാൽ കുഴിയെടുപ്പുകൊണ്ട് റോഡ് തകരില്ലെന്നും ജല അഥോറിറ്റി പറയുന്നു.