പഴയിടത്തിന് വികസനപാത തുറന്ന സിസ്റ്റര്‍ ജോസഫാ എസ്എച്ച് ഓര്‍മയായി
1546638
Wednesday, April 30, 2025 2:49 AM IST
പഴയിടം: പഴയിടം ഇടവകയുടെയും പ്രദേശത്തിന്റെയും വികസനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച പഴയിടം തിരുഹൃദയമഠാംഗം സിസ്റ്റര്‍ ജോസഫാ കാക്കല്ലില്‍ എസ്എച്ച് (95) ഓർമയായി. പഴയിടം മഠത്തില്‍ 47 വര്‍ഷം സേവനമനുഷ്ഠിച്ച സിസ്റ്റര്‍ പഴയിടം സഹൃദയ സോഷ്യല്‍ സെന്റര്‍ സ്ഥാപിച്ച് ഒട്ടേറെ വനിതകള്‍ക്ക് തയ്യല്‍, എംബ്രോയിഡറി പരിശീലനം നല്കി.
സെന്റ് മൈക്കിള്‍സ് ഇടവകയില്‍ 35 വര്‍ഷം യുവദീപ്തി ആനിമേറ്ററായിരുന്നു. സീറോ മലബാര്‍ സഭയില്‍ ഏറ്റവുമധികകാലം യുവദീപ്തി ആനിമേറ്ററായിരുന്നതും സിസ്റ്ററാണ്. യുവദീപ്തി അംഗങ്ങള്‍ക്കൊപ്പം പഴയിടത്ത് നിരവധി പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കി. വൈദിക മന്ദിരത്തിന്റെ നിര്‍മാണത്തിലും യുവദീപ്തിക്കൊപ്പം ശ്രമദാനത്തിന് നേതൃത്വം നല്കി. ഒട്ടേറെ രോഗികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും സഹായമെത്തിച്ചു.
വിവിധ റോഡുകളുടെയും കലുങ്കുകളുടെയും നിര്‍മാണത്തിനും നേതൃത്വം നല്കി. പഴയിടത്ത് മണിമലയാറ്റില്‍ ചെക്ക് ഡാം നിര്‍മിക്കാന്‍ അനുമതി നേടിയതും സിസ്റ്ററിന്റെ ശ്രമഫലമായാണ്. സിസ്റ്റര്‍ ജോസഫായുടെ സംസ്കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് പഴയിടം മഠം ചാപ്പലില്‍ ആരംഭിച്ച് മൃതദേഹം സെന്റ് മൈക്കിൾസ് പള്ളിയില്‍ സംസ്കരിക്കും.