സംവിധായകൻ ബ്ലസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം
1546646
Wednesday, April 30, 2025 2:49 AM IST
പത്തനംതിട്ട: ആഗോള തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 2025ലെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സംവിധായകൻ ബ്ലസിക്ക്.
ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ലോക സിനിമയിൽ തന്നെ ശ്രദ്ധേയനായ ബ്ലെസിക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം പ്രധാന പെരുന്നാൾ ദിനമായ മേയ് എട്ടിനു നടക്കുന്ന തീർഥാടക സംഗമത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സമ്മാനിക്കും.
വിവിധ മേഖലകളിൽ മികവാർന്ന സംഭാവനകൾ നൽകുന്ന വ്യക്തികളെയാണ് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം നൽകി ആദരിക്കുന്നത്.
സത്യസന്ധതയും സാമൂഹ്യബോധവും കലാസൗന്ദര്യവും സമന്വയിപ്പിച്ച് മലയാള ചലച്ചിത്ര മേഖലയ്ക്കു ബ്ലസി നൽകിവരുന്ന സംഭാവനകളെ ആദരിച്ചാണ് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം നൽകുന്നതെന്ന് വികാരി ഫാ. സുനിൽ ഏബ്രഹാം, സഹ വികാരി ഫാ. ജോബിൻ യോഹന്നാൻ, പ്രോഗ്രാം കൺവീനർ ബാബുജി കോശി എന്നിവർ അറിയിച്ചു.