ഓടകൾ അടഞ്ഞു; ടൗണിൽ വെള്ളക്കെട്ട്
1546642
Wednesday, April 30, 2025 2:49 AM IST
കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തുന്നതിനു മുന്‍പുതന്നെ കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളക്കെട്ട്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ ടൗണിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഓടകൾ അടഞ്ഞ് വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ദേശീയപാത വിഭാഗം പലയിടങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലെ ഓടശുചീകരണം മാത്രം ഇനിയും ആരംഭിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡിന് മുന്പില് പ്രവേശനകവാടത്തിലും ഇറങ്ങി വരുന്ന ഭാഗത്തേയും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഭാഗം അടഞ്ഞു കിടക്കുകയാണ്.ഓടകള്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ദേശീയപാത വിഭാഗവും പഞ്ചായത്തും ഓട ശുചിയാക്കുവാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പുത്തനങ്ങാടി ഭാഗത്ത് നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നേരെ ദേശീയപാതയിലേക്കാണ് എത്തുന്നത്. വലിയ മഴ പെയ്താല്‍ കടകളിലേക്കടക്കം വെള്ളം കയറുന്ന സ്ഥിതിയുമാണ്. വെള്ളം കെട്ടിക്കിടന്നാല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ദുരിതമാണ്. മഴക്കാലത്തിന് മുന്‍പ് ഓടകള്‍ ശുചീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.