കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം മുടങ്ങി
1546637
Wednesday, April 30, 2025 2:49 AM IST
എരുമേലി: ശക്തമായ കാറ്റിൽ മരങ്ങൾ വീണ് എലിവാലിക്കര ഈസ്റ്റിലും മുക്കടയിലും ചെറുവള്ളി എസ്റ്റേറ്റ് റോഡിലും ഗതാഗതം മുടങ്ങി. എലിവാലിക്കര ഈസ്റ്റ് ഭാഗത്ത് റോഡിൽ വീണത് നൂറ് വർഷത്തിന് മേൽ പഴക്കം ചെന്ന വെട്ടി ഇനത്തിലുള്ള മരമാണെന്നും മരത്തിൽ ആൽ മരവും കേര ഇനത്തിലുള്ള മരവും ചുറ്റിപ്പിണഞ്ഞ നിലയിലാണെന്നും ചുവട് ഭാഗത്തിന് നൂറ് ഇഞ്ചിൽ കൂടുതൽ വണ്ണമുണ്ടന്നും നാട്ടുകാർ പറഞ്ഞു.
11 കെവി വൈദ്യുതി ലൈനുകളും പോസ്റ്റും തകർത്താണ് മരം വീണത്. ഇതോടെ മേഖലയിൽ വൈദ്യുതി ബന്ധവും ഗതാഗതവും നിലച്ചിരിക്കുകയാണ്. വെട്ടിക്കനാൽ തങ്കപ്പന്റെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകിയത്.
ഇത് വെട്ടി മാറ്റാൻ പ്രയാസമായതിനാൽ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശേഷി കൂടിയ യന്ത്ര വാൾ ഉപയോഗിച്ച് വെട്ടി മാറ്റാൻ പഞ്ചായത്ത് ഫണ്ട് ഉൾപ്പടെ സഹായം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം മുക്കടയിലും ചെറുവള്ളി എസ്റ്റേറ്റ് റോഡിലും വീണ മരങ്ങൾ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചു നീക്കി. ഇന്നലെ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഇടിമിന്നലുകൾക്കും മഴയ്ക്കും പിന്നാലെ ശക്തമായ കാറ്റ് വീശിയടിച്ചതോടെയാണ് മരങ്ങൾ കടപുഴകിയത്.
എരുമേലി - റാന്നി സംസ്ഥാന പാതയിൽ മുക്കട 10 സെന്റ് കോളനി ഭാഗത്ത് റോഡിലാണ് വനത്തിൽ നിന്നുള്ള മരുതി ഇനത്തിലുള്ള മരം കടപുഴകി റോഡിൽ വീണത്. റോഡിന് നടുക്ക് മരം വീണത് മൂലം ഗതാഗതം ഏറെ സമയം തടസപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നു അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ചെറുവള്ളി എസ്റ്റേറ്റ് റോഡിൽ റബർ മരമാണ് വീണത്. ഇത് വെട്ടി മാറ്റിയതോടെ ഗതാഗത തടസം മാറി.