വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; പ്രതി പിടിയിൽ
1546636
Wednesday, April 30, 2025 2:49 AM IST
മുണ്ടക്കയം: വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞ 23ന് മുണ്ടക്കയം ടൗണിലെ മൂന്ന് സ്ഥാപനങ്ങളിൽ മോഷണം നടത്തിയ ഈരാറ്റുപേട്ട തലപ്പലം കാനാട്ട് ശ്രീജിത് സദാനന്ദനെ (40) യാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.
ദേശീയപാതയിൽ മുണ്ടക്കയം പോലീസ് സ്റ്റേഷന് താഴെ ഭാഗത്തുള്ള രണ്ട് കടകളിലും ടൗണിലെ ഒരു പച്ചക്കറി കടയിലുമാണ് മോഷണം നടത്തിയത്. സിപിഎം പാർട്ടി ഓഫീസിനോട് ചേർന്ന് മാടക്കട നടത്തുന്ന ശ്രീവിലാസത്തിൽ സരോജത്തിന്റെ കടയിൽ നിന്നു 4000 രൂപയും ഇതിന് എതിർവശത്തായി ചെറുകടികൾ വിൽക്കുന്ന ബഷീറിന്റെ കടയിൽ നിന്നു സാധനങ്ങളും കുടുക്കയിൽ സൂക്ഷിച്ചിരുന്ന പൈസയും ടൗണിലെ രഹന ഷൈജുവിന്റെ പച്ചക്കറി കടയിൽ നിന്നു അയ്യായിരത്തോളം രൂപയും ഇയാൾ കവർന്നിരുന്നു.
സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ട തലപ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്.