തിരുവാതുക്കല്‍ ഇരട്ടക്കൊല: പ്രതി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍
1546645
Wednesday, April 30, 2025 2:49 AM IST
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നു. പ്രതിയായ അമിത ഉറാംഗിനെ അഞ്ചു ദിവസത്തേക്കാണ് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കഴിഞ്ഞ 22 നാണ് വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ വീട്ടിലെയും സ്ഥാപനത്തിലെയും മുന്‍ ജോലിക്കാരനായിരുന്ന ആസാം സ്വദേശി അമിത് ഉറാംഗിനെ തൃശൂര്‍ മാളയില്‍ നിന്നും പിടികൂടിയിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും തനിക്കു വിജയകുമാറിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു മൊഴി നൽകുകയും ചെയ്തിരുന്നു.
അറസ്റ്റിനു പിന്നാലെ നടത്തിയ തെളിവെടുപ്പില്‍ വീട്ടില്‍നിന്നു മോഷ്ടിച്ച സിസിടിവി കാമറയുടെ ഡിവിആറും ഒരു മൊബൈല്‍ ഫോണും തിരുവാതുക്കലിനു സമീപത്തെ തോട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. ഡിവിആര്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്.