ആഘോഷ രാവുകള്‍ സമ്മാനിച്ച് പാലാ ഫുഡ് ഫെസ്റ്റ് വരുന്നു
1601977
Wednesday, October 22, 2025 11:40 PM IST
പാലാ: രുചിപ്രേമികള്‍ക്ക് ആഘോഷരാവുകള്‍ സമ്മാനിച്ച് പാലാ ഫുഡ് ഫെസ്റ്റിനു ഡിസംബര്‍ അഞ്ചിനു പാലായില്‍ തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യൂത്ത് വിംഗ് ആണ് പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചു മഹാമേള സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ അഞ്ചുമുതല്‍ എട്ടുവരെ പാലാ പുഴക്കര മൈതാനത്താണു രുചിയുടെയും കലയുടെയും മഹോത്സവം അരങ്ങേറുക. കേരളീയ, ഇന്ത്യന്‍, ചൈനീസ്, അറബിക്, കോണ്ടിനെന്റല് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ 50ല്‍പരം സ്റ്റാളുകളിലായി അണിയിച്ചൊരുക്കും. വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിന്റെ രുചിക്കൂട്ടുകളും ഇവിടെ ലഭ്യമാകും. രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം ഏഴുമുതല്‍ കലാവിരുന്നും ഉണ്ടായിരിക്കും.
കലാപരിപാടികൾ
അഞ്ചിന് ആഞ്ജിന്‍ ആന്‍ഡ് ചാര്‍മിനാര്‍ ടീമിന്റെ മ്യൂസിക്കല്‍ ഡിജെ നൈറ്റ്. ആറിനു പാലാ പള്ളി തിരുപ്പള്ളി ഫ്രെയിം അതുല്‍ നറുകര നയിക്കുന്ന ഫോക് ഗ്രാഫര്‍ ലൈവ്. ഏഴിന് അശ്വിന് ആന്‍ഡ് ടീം നയിക്കുന്ന ഡിജെ നൈറ്റ്. എട്ടിനു ചെണ്ടക്കാരന് ആന്‍ഡ് ടീം അണിയിച്ചൊരുക്കുന്ന ഡിജെ വിത്ത് മ്യൂസിക്കല്‍ ഫ്യൂഷന്‍. ദിവസവും രാഷ്ട്രീയ, സമൂഹിക, സാംസ്കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ധരും പങ്കെടുക്കും.
ദിവസേന വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. അഞ്ചിനു വൈകുന്നേരം അഞ്ചിനു ജോസ് കെ. മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പുളിമൂട്ടില്‍ സില്‍ക്സ് മെയിന്‍ സ്പോണ്‍സറും സണ്‍റൈസ് ഹോസ്പിറ്റല്‍ ഈരാറ്റുപേട്ട മെഡിക്കല്‍ പാര്‍ട്ട്ണറുമാണ്. സ്റ്റാള്‍ ബുക്കിംഗിനും സ്പോണ്‍സര്‍ഷിപ്പിനും ഫോൺ: 9164069066.
പത്രസമ്മേളനത്തില്‍ ഏകോപനസമിതി പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, സെക്രട്ടറി വി.സി. ജോസഫ്, യൂത്ത് വിംഗ് ഭാരവാഹികളായ ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്റിന്‍ വന്ദന, പ്രോഗ്രാം കണ്‍വീനര്‍മാരായ ഫ്രെഡി ജോസ്, സിറിള്‍ ട്രാവലോകം, ബൈജു കൊല്ലംപറമ്പില്‍, അനൂപ് ജോര്‍ജ്, ആന്റണി കുറ്റിയാങ്കല്‍, ജിന്റോ അഗസ്റ്റിന്, വിപിന്‍ പോള്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.