ഓര്‍മയില്‍ മായാതെ ജിമ്മി ജോര്‍ജ്
1601998
Wednesday, October 22, 2025 11:40 PM IST
മാണി സി. കാപ്പന് എംഎല്‍എ
സെന്റ് തോമസ് കോളജിലെ ക്ലാസ്മുറിയിലിരുന്നു പഠിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എന്നെ വോളിബോള്‍ പഠിപ്പിച്ചതും സംസ്ഥാന താരമാക്കിയതും സെന്റ് തോമസ് കോളജിലെ കളിക്കളമാണ്. ജിമ്മി ജോര്‍ജും ജോസ് ജോര്‍ജും എം.എ. ജോസഫും ഡോ. ജോര്‍ജ് മാത്യുവും ഗോപിനാഥുമൊക്കെ നെറ്റിനു മുകളില്‍ ഉയര്‍ന്നു പൊങ്ങിനിന്ന് കണ്ണുമഞ്ചിക്കുന്ന സ്മാഷുകള്‍ തീര്‍ക്കുന്ന കാലം. വോളിബോളിനോടുള്ള കമ്പത്തില്‍ ഞാനും കോളജിലെത്തി അവര്‍ക്കൊപ്പം കളിച്ചു.
അങ്ങനെ ഞാന്‍ കാലിക്കട്ട് സര്‍വകലാശാലാ വോളി ടീമിലും പിന്നീട് സ്റ്റേറ്റ് ടീമിലും വോളി താരമായി. സെന്റ് തോമസ് കോളജിലെ വോളി ടീമുമായുള്ള ബന്ധം എക്കാലവും തുടര്‍ന്നുവെന്നു മാത്രമല്ല ഞാനും ജിമ്മി ജോര്‍ജും അബുദാബി സ്പോര്‍ട്സ് ക്ലബിനുവേണ്ടി മൂന്നര വര്‍ഷം കളിച്ചു. മൂന്നര വര്‍ഷവും ഞങ്ങള്‍ ഒരു മുറിയിലാണു താമസിച്ചിരുന്നത്. ജിമ്മി ജോര്‍ജ് അകാലത്തില്‍ പൊലിഞ്ഞപ്പോള്‍ ഓര്മ നിലനിറുത്താന്‍ സെന്റ് തോമസ് കോളജില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയം പണിയാനും വോളി ടൂര്‍ണമെന്റ് തുടങ്ങാനും എല്ലാത്തരത്തിലും ഞാനും മുന്നിലുണ്ടായിരുന്നു.
പാലായുടെ മാത്രമല്ല കേരളത്തില്‍ കലാ കായിക വിദ്യാഭ്യാസ മുന്നേറ്റത്തിന് സെന്റ് തോമസ് കോളജിന്റെ സംഭാവനകള്‍ ഉദാത്തമാണ്. അവിടെ പഠിക്കാനായില്ലെങ്കിലും സെന്റ് തോമസ് എന്റെയും ആത്മകലാലയമാണെന്ന് മനസില്‍ ഉറച്ചു വിശ്വസിക്കുന്നു.