രാഷ്ട്രപതിക്ക് ഇന്ന് ഉജ്വലവരവേല്പ്
1601995
Wednesday, October 22, 2025 11:40 PM IST
പാലാ: മുക്കാല്‍ നൂറ്റാണ്ടിന്റെ പ്രൗഢമായ ചരിത്രമുള്ള പാലാ സെന്റ് തോമസ് കോളജിലേക്ക് ഇന്ന് രാജ്യത്തിന്റെ പ്രഥമ പൗരന് ദ്രൗപദി മുര്‍മു എത്തുന്നു. രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ കോളജും പാലായും അണിഞ്ഞൊരുങ്ങി. ആയിരക്കണക്കിനു പ്രശസ്ത വ്യക്തികള്‍ക്ക് അറിവനുഭവങ്ങള്‍ പകര്‍ന്ന കലാലയത്തില്‍ രാഷ്ട്രപതിക്ക് വന്വരവേല്പ്പാണു കോളജ് ഒരുക്കുന്നത്.
പുതിയ വര്‍ണച്ചായങ്ങള്‍ അണിയിച്ചു കോളജും കമാനവും മോടിയാക്കി. രാഷ്ട്രപതിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡ് കോളജിനു മുന്നില്‍ സ്ഥാപിച്ചു. ഇന്നു വൈകുന്നേരം 3.50ന് ഹെലികോപ്ടറിലാണു വിശിഷ്ടാതിഥി പാലായിലെത്തുന്നത്. ഹെലിപാഡില്‍നിന്ന് ബിഷപ് വയലില്‍ ഹാളിലേക്ക് കാറിലാണ് രാഷ്ട്രപതിയും ഗവര്‍ണറും എത്തുക. അവിടെനിന്നും വേദിയിലേക്ക് അതിഥികളെ സ്വീകരിച്ചാനയിക്കും.
കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനത്തിനുശേഷം ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. പ്രത്യേക ക്ഷണം ലഭിച്ച 800 പേര് പങ്കെടുക്കും. 4.50ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.വിവിധ രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും സന്ദര്‍ശനത്തിലൂടെ ചരിത്രമെഴുതിയ പാലാ സെന്റ് തോമസ് കോളജിലേക്ക് മറ്റൊരു വിശിഷ്ടാതിഥികൂടി എത്തുന്നതിന്റെ ആവേശത്തിലാണു പാലാ നഗരവും കാമ്പസും.
പാസ് ലഭിച്ചവര്‍ക്ക്
പ്രവേശനം
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പാസ് ലഭിച്ചവര്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ് കൂടാതെ ഒരു ഐഡി പ്രൂഫുംകൂടി കൊണ്ടുവരേണ്ടതാണ്. 2.30നു മുന്‍പായി ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള യാതൊരു വസ്തുക്കളും ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്പിക്കേണ്ടതാണ്.
പാര്‍ക്കിംഗ്
ഊരാശാലയ്ക്കു സമീപമുള്ള സണ്‍ സ്റ്റാര്‍ കണ്വന്ഷന് സെന്ററിന്റെ മുന്‍വശത്തും പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള റോഡിന്റെ വലതുവശത്തുനിന്നു പ്രവേശിക്കാവുന്ന കോളജിന്റെ എച്ച് ബ്ലോക്കിനു മുന്നിലുമാണു പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. സി.ആര്. ഹോസ്റ്റലിനു മുന്‍വശം വിഐപികള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയയാണ്.
5.10ന് കോട്ടയത്ത്
5.10ന് ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക് എത്തുന്ന രാഷ്ട്രപതി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംഗ്ഷന്, ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പ് റോഡ്, സീസേഴ്സ് ജംഗ്ഷന്, ബേക്കര്‍ ജംഗ്ഷന് വഴി കോട്ടയം - കുമരകം റോഡില്‍ എത്തും. ഈ വഴി നേരേ കുമരകം താജ് ഹോട്ടലില്‍ എത്തും. 24ന് ഇതേവഴി തന്നെ കുമരകത്തുനിന്ന് തിരികെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തും.
11നു പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ കൊച്ചിക്കു പോകും. പ്രതിഭാ പാട്ടീലാണു കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്റ്റ് 11നാണു പ്രതിഭാ പാട്ടീല്‍ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിന്റെ പെരുമയേറ്റും. ജി - 20 ഉദ്യോഗസ്ഥതല സമ്മേളനം നടന്നപ്പോള്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ കുമരകത്ത് എത്തിയിരുന്നു.