വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തിച്ചു
1583672
Wednesday, August 13, 2025 11:15 PM IST
രാജാക്കാട്: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയ്ക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു. വിമലപുരം ചുഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കൊച്ചുമുല്ലക്കാനം കവലയിലെ ഓട്ടോത്തൊഴിലാളിയാണ് രാജേഷ്. വീട്ടിലേക്ക് ഓട്ടോ പോകാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഓട്ടോ പാർക്കുചെയ്യുന്നത്.
ചൊവ്വാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം നടന്നത്. ആ സമയം പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ച സമയത്താണ് കൃത്യം നടത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ വാഹനം തീയിട്ട് നശിപ്പിച്ചിരുന്നു. അതിന്റെ പ്രതികളെ ഇതുവരെയായിട്ടും കണ്ടെത്തിയില്ല. ഇൻഷ്വറൻസ് കമ്പനിയിൽനിന്നു 8,000 രൂപ മാത്രമാണ് ലഭിച്ചത്.
തുടർന്ന് ഉടമസ്ഥനായ രാജേഷ് സിസിടിവി കാമറ വാങ്ങി സ്ഥാപിച്ച് ഫോണിൽ ലഭിക്കാനുള്ള കാര്യങ്ങളും ചെയ്തിരുന്നു. ഇതറിയാവുന്നവരാണ് വൈദ്യുതിയില്ലാത്തപ്പോൾ കൃത്യത്തിന് പിന്നിൽ. വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടുകയും ബൾബ് ഉരുകുകയും ചെയ്തിട്ടുണ്ട്. ശബ്ദം കേട്ടുണർന്ന വീട്ടമ്മയാണ് വാഹന ഉടമയെ വിവരം വിളിച്ച് അറിയിച്ചത്. ഉടമ സ്ഥലത്തെത്തിയപ്പോഴേക്കും ഓട്ടോറിക്ഷ കത്തിനശിച്ചു. ഉടമ രാജക്കാട് പോലീസിൽ പരാതി നൽകി.