മാലിന്യം തടയൽ: സ്ഥാപിച്ചപ്പോൾ ഇരുന്പുവേലി; ഇപ്പോൾ വള്ളിപ്പടർപ്പ്
1583677
Wednesday, August 13, 2025 11:15 PM IST
മുട്ടം: പെരുമറ്റത്ത് റോഡരികിൽ പുഴയോരത്ത് സ്ഥാപിച്ചിരുന്ന ഇരുന്പുവേലി കാടും വള്ളിപ്പടർപ്പുകയറി തകർന്നു. പെരുമറ്റത്ത് പുഴയോരത്തേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാനാണ് മുട്ടം പഞ്ചായത്ത് ഇവിടെ ഇരുന്പുവേലി സ്ഥാപിച്ചത്.
ലക്ഷങ്ങൾ മുടക്കിയാണ് ഇത് നിർമിച്ചത്. തൊടുപുഴ-മുട്ടം റോഡിൽ പെരുമറ്റത്ത് റോഡിൽനിന്നു പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാനാണ് പന്ത്രണ്ട് അടിയോളം ഉയരത്തിൽ ഇരുന്പു വേലി സ്ഥാപിച്ചത്.
പുഴയോരത്തിന്റെ മുഴുവൻ ഭാഗത്തും വേലി സ്ഥാപിച്ചിരുന്നില്ല. പകുതിയോളം ഭാഗത്താണ് പഞ്ചായത്ത് വേലി നിർമിച്ചത്. ഇതാണ് ഇപ്പോൾ പുഴയുടെ ഭാഗത്തേക്ക് ചെരിഞ്ഞത്. ലീഗൽ സർവീസ് അഥോറിറ്റി ഇടപെട്ടതിനു ശേഷമാണ് ഇവിടെ വേലി സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. പുഴയോരത്തേക്ക് മാലിന്യം വലിച്ചെറിയുന്നത് തുടർച്ചയായതോടെയാണ് ലീഗൽ സർവീസ് അഥോറിറ്റി ഇടപെട്ടത്.
ഇതേത്തുടർന്നാണ് മുട്ടം പഞ്ചായത്ത് ഇരുന്പു വേലി നിർമിച്ചത്. എന്നാൽ പിന്നീട് ഇതിന്റെ അറ്റകുറ്റപണി ഒന്നും നടത്തിയില്ല. പുഴയോരത്തുനിന്നും കാടും വള്ളിപ്പടർപ്പുകളും വേലിയിലേക്ക് പടർന്നുകയറി. ഇതിന്റെ ഭാരം താങ്ങാൻ കഴിയാതെ വേലി ചെരിയുകയായിരുന്നു. തോട്ടുങ്കര പരപ്പാൻ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ ഇവിടെയും പഞ്ചായത്ത് ഇരുന്പ് വേലി സ്ഥാപിച്ചിരുന്നു. കാടും വള്ളിപ്പടർപ്പും നിറഞ്ഞു തുരുന്പെടുത്ത് ഇതും നാശത്തിലേക്ക് നീങ്ങുകയാണ്.