ഫാ. ജോർജ് ഡി. വെള്ളാപ്പള്ളി: പൗരോഹിത്യത്തിലെ ഒരു പത്തരമാറ്റ്
1583406
Tuesday, August 12, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: മാതാപിതാക്കൾക്ക് ഏക മകനാവുക, സഹോദരിമാരുമില്ല. ബാല്യം മുതലുള്ള മോഹവും സ്വപ്നവും മാത്രമല്ല, വളരെ തീക്ഷ്ണമായ പ്രാർഥനയും ഒരു വൈദികനാകാനാവുക എന്നതായിരുന്നു. രണ്ടും കല്പിച്ചു സെമിനാരിയിൽ ചേർന്നു. ആലുവ സെമിനാരിയിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കി പട്ടം സ്വീകരിക്കാറായപ്പോൾ വീണ്ടും ആത്മപരിശോധനയുടെ സംഘർഷവും സന്ദേഹവും ഉണ്ടായി എന്നതാണ് ശരി.
മാതാപിതാക്കൾക്കടുത്തേക്കു തിരിയെപ്പോകണമോ താൻ തന്നെ തെരഞ്ഞെടുത്ത ആത്മീയവഴിയിൽ തന്നെ മുന്നോട്ടു പോകണമോ? അച്ചൻ തന്റെ ആത്മസംഘർഷങ്ങളെ സ്വന്തം ആത്മീയ ഗുരുവും ഇടയനുമായ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസഫ് പവ്വത്തിലിനോടു പങ്കുവയ്ക്കുന്നു. തീരുമാനം ഉടനുണ്ടായി. ഡീക്കനായി തുടരാനും നിയോഗിക്കുന്ന പള്ളിയിൽ കുർബ്ബാന ചൊല്ലുന്നതൊഴികെ എല്ലാ ശുശ്രൂഷകളിലും വികാരിയച്ചനെ സഹായിക്കാനും നിർദ്ദേശിച്ചു. തീരുമാനമെടുക്കാൻ അഞ്ചു വർഷമെടുത്തു.പവ്വത്തിൽ പിതാവിൽനിന്നുതന്നെ പട്ടമേറ്റ അച്ചൻ വേദപുസ്തകം പറഞ്ഞതുപോലെ കലപ്പയിൽ കൈവച്ചതിൽപ്പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല!
അച്ചൻ ഡീക്കനായിരുന്ന കാലത്താണ് 1975-76 ൽകേരള മദ്യവർജന പ്രസ്ഥാനത്തിൽ ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. മുൻ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോൻ പ്രസിഡന്റ്. പ്രഫ. എം.പി. മന്മഥൻ ഉപാധ്യക്ഷൻ. വെട്ടം തോമസ് സാറും റവ. കുര്യാക്കോസ് പാറയ്ക്കലച്ചനും സെക്രട്ടറിമാർ.
മലബാറിൽ നിന്നു ഫാ. തോമസ് തൈത്തോട്ടവും മാത്യു എം. കണ്ടവും റീജണൽ കൺവീനർമാർ. ഞാനന്ന് മദ്യവർജന യുവജന പ്രസ്ഥാനത്തിന്റെ കൺവീനറാണ്. ഒപ്പം ഡോ. ജോസ് പാറക്കടവിലും പിൽക്കാലത്ത് ദ്രോണാചര്യ പദവിയിലെത്തിയ പ്രഫ. സണ്ണി തോമസും ജോർജ് വെള്ളാപ്പള്ളി അച്ചനുമൊക്കെ മദ്യവർജനരംഗത്ത് സജീവമായിരുന്ന കാലം.
അച്ചൻ പൊതുരംഗത്ത് കൂടുതൽ സജീവമായത് 1981ൽ നവഭാരതവേദി പ്രസ്ഥാനം ആരംഭിച്ച ശേഷമാണ്. ഡോ. സുകുമാർ അഴീക്കോടായിരുന്നു വേദിയുടെ പ്രസിഡന്റ്. ഡിസി കിഴക്കേമുറിയും സുഗതകുമാരി ടീച്ചറും ആർ.എം. മനയ്ക്കലാത്തും വൈസ് പ്രസിഡന്റുമാരായി. വെള്ളാപ്പള്ളി അച്ചൻ ട്രഷറർ. ഞാൻ ജനറൽ സെക്രട്ടറിയും പ്രഫ. ജോസ് പാറക്കടവിൽ സെക്രട്ടറിയും. ഇത്തരം ഒരു വേദി ആരംഭിച്ചതിന്റെ പിന്നിലുള്ള വ്യക്തിയും അതിന്റെ ശക്തിയും അന്ന് ജോർജ് വെള്ളാപ്പള്ളി അച്ചനായിരുന്നുവെന്നതാണ് സത്യവും യാഥാർഥ്യംവും.
അച്ചൻ എന്നും ഒരു ഗാന്ധിഭക്തനായിരുന്നു. ഗാന്ധിയൻ ദർശനങ്ങളിൽ ക്രിസ്തുസിദ്ധാന്തങ്ങളുടെ ഒരു യഥാർഥ ദാർശനികനായിരുന്നു അച്ചനെന്നു പറയാം. ജയപ്രകാശ് നാരായന്റെയും മൊറാർജി ദേശായിയുടെയും കടുത്ത ആരാധകനും അടുത്ത മിത്രവുമായിരുന്നു അച്ചൻ. അച്ചനും ഈ ദേശീയ നേതാക്കളും തമ്മിൽ നിരന്തരം എഴുത്തുകുത്തുകളും ഉണ്ടായിരുന്നുവെന്നതാണ് സത്യം.
ജെപിയുടെ മരണവാർത്തയറിഞ്ഞു കരയുന്ന ജോർജ് അച്ചൻ ഇന്നും എന്റെ ഓർമയിലുണ്ട്. ഒന്നാംതരം പ്രഭാഷകനായിരുന്ന അച്ചൻ നല്ല സംഘാടകനുമായിരുന്നു. സൗഹൃദങ്ങളെ ഇത്രമേൽ വില വച്ചിരുന്നവർ വളരെ വിരളമാണെന്നു പറയണം.
അച്ചന്റെ ജൂബിലിക്കു വന്ന് ഡോ. സുകുമാർ അഴീക്കോട് നടത്തിയ പ്രഭാഷണം ആത്മീയതയെക്കുറിച്ചുള്ള ഒരു പുതിയ വ്യാഖ്യാനമായിരുന്നു. അച്ചൻ എവിടെയൊക്കെ ഇടവക ശുശ്രൂഷചെയ്തോ അവിടെയെല്ലാം ഡോ. അഴീക്കോടും ആർ.എം. മനയ്ക്കലാത്തും സുഗതകുമാരി ടീച്ചറുമൊക്കെ ഓരോരോ സന്ദർഭങ്ങളിൽ ചെന്നു പ്രസംഗിച്ചിരുന്നതും എന്റെ ഓർമയിലുണ്ട്.
അച്ചന്റെ ആത്മീയത അതിരുകളെ അതിവർത്തിച്ച സ്നേഹത്തിന്റെയും പരിഗണനയുടെയും കരുതലിന്റെയുമായിരുന്നു. ജാതി-മതഭേദചിന്തകളൊന്നും അതിനു വേലി കെട്ടിയിരുന്നുമില്ല. അടിസ്ഥാനപരമായി അച്ചൻ ഒരു യഥാർഥ ആത്മീയനായരുന്നു. നല്ലഭക്തൻ. ഉറച്ച വിശ്വാസി. സഭയുടെ നിയമങ്ങളും വെള്ളാപ്പള്ളി അച്ചൻഒിക്കലും തെറ്റിച്ചിരുന്നില്ല. 1948 ഡിസംബർ 26 നായിരുന്നു ജനനം. ഇത്ര ചിട്ടയോടെ ജീവിച്ച പുരോഹിതർ വളരെ കുറവായിരിക്കണം.
അച്ചൻ രോഗബാധിതനായപ്പോൾ അച്ചന്റെ ഉത്കണ്ഠ 98 വയസായ തന്റെ അമ്മയെക്കുറിച്ചു മാത്രമായിരുന്നു. അപ്പോഴും വിശ്വാസത്തിന്റെ ഇളകാത്ത കപ്പലായിത്തന്നെ അച്ചൻ ജീവിതത്തിന്റെ മറുകരയിലേക്കു താൻ വിശ്വസിച്ചവന്റെ കൈപിടിച്ചു കടന്നുപോയി എന്നതാണ് അച്ചൻ നമുക്കായി അവശേഷിപ്പിച്ച വിശ്വാസമാതൃക എന്നതിൽ രണ്ട് പക്ഷമുണ്ടാകാനിടയില്ല. പ്രണാമം.