ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രവർത്തനം നിലച്ചു
1583404
Tuesday, August 12, 2025 11:54 PM IST
തൊടുപുഴ: ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിന്റെ പ്രവർത്തനം ജില്ലയിൽ നിലച്ചു. കഴിഞ്ഞ ഡിസംബർ മുതൽ പരാതികൾ പരിഹരിക്കാനുള്ള സിറ്റിംഗ് നടക്കുന്നില്ല. പരാതികൾക്ക് പരിഹാരം കാണേണ്ട ജഡ്ജിംഗ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് ജില്ലയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ സിറ്റിംഗ് നിലച്ചത്. വിവിധ ഹർജികളിലായി നൂറുകണക്കിന് പരാതികളാണ് തീർപ്പാകാതെ ഇവിടെ കെട്ടിക്കിടക്കുന്നത്.
ജില്ലാ ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ടംഗങ്ങളും ഉൾപ്പെട്ടതാണ് ഫോറത്തിന്റെ ജഡ്ജിംഗ് പാനൽ. പ്രസിഡന്റും ഒരംഗവും ഉണ്ടെങ്കിൽ സിറ്റിംഗ് നടത്താം. എന്നാൽ പ്രസിഡന്റു മാത്രമാണ് നിലവിലുള്ളത്. പുതിയ അംഗങ്ങളെ എന്നു നിയമിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. വ്യാപാര സംബന്ധമായ പരാതികൾക്കു പുറമേ ആരോഗ്യ ഇൻഷ്വറൻസ്, ചികിത്സാപ്പിഴവ്, വാഹനവിൽപ്പന, കർഷകരുടെ വിള ഇൻഷ്വറൻസ്, കന്നുകാലി വാങ്ങൽ എന്നിവ ഉൾപ്പെടെയുള്ള പരാതികളാണ് തീർപ്പാകാനുള്ളത്.
ഉത്പന്നങ്ങൾ വാങ്ങുന്പോഴും മറ്റ് ഇടപാടുകൾ നടത്തുന്പോഴോഴും കബളിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്താൽ ഉപഭോക്താവിന് ഫോറത്തെ സമീപിച്ച് വിൽപ്പനക്കാരനും സേവനദാതാവിനും എതിരേ കേസ് ഫയൽ ചെയ്യാം. തകരാറായ ഉത്പന്നങ്ങൾ നൽകുക, സേവനത്തിലെ പോരായ്മ, ദോഷകരമായ സാധനങ്ങൾ നൽകുക, അമിതവില ഈടാക്കുക തുടങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവർ ഫോറത്തെ സമീപിച്ച് കേസ് നൽകാം.
ഉപഭോക്താവിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ പരാതി സമർപ്പിക്കാം. ഇത്തരത്തിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരവും മറ്റും വാങ്ങിക്കൊടുക്കുകയാണ് ഫോറത്തിന്റെ സിറ്റിംഗിലൂടെ നടക്കുന്നത്.
അഞ്ചു വർഷമാണ് ഫോറത്തിലെ അംഗങ്ങളുടെ കാലാവധി. ഇടുക്കി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒരംഗത്തിന്റെ ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബർ അഞ്ചിന് രണ്ടാമത്തെ അംഗവും അഞ്ചു വർഷം പൂർത്തിയായതിനെത്തുടർന്ന് പദവിയിൽനിന്ന് ഒഴിവായി. ഇതെ തുടർന്നാണ് സിറ്റിംഗ് പൂർണമായും നിലച്ചത്. പ്രസിഡന്റിനു മാത്രമായി സിറ്റിംഗ് നടത്താനും കഴിയില്ല. പൈനാവിലെ ജില്ലാ ആസ്ഥാനത്തു നടത്തുന്ന സിറ്റിംഗിനു പുറമേ ഉപഭോക്താക്കളുടെ സൗകര്യാർഥം തൊടുപുഴ മുട്ടത്ത് മൂന്നും കട്ടപ്പനയിൽ ഒരു തവണയും സിറ്റിംഗ് എല്ലാ മാസവും നടത്തി വരാറുണ്ട്. ഇതെല്ലാംതന്നെ നിലച്ചിരിക്കുകയാണ്.
സിറ്റിംഗ് നിലച്ചതിനാൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ മാസത്തിൽ ഒരു അദാലത്ത് മാത്രമാണ് നടത്തുന്നത്. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ചയാണ് ഇതു നടത്തുന്നത്. എന്നാൽ ഈ അദാലത്തിൽ ചുരുക്കം പരാതികളിൽ മാത്രമാണ് പരിഹാരം കാണാൻ കഴിയുന്നത്. ദിനംപ്രതി ഫോറത്തിനു മുന്നിൽ പരാതികളെത്തുന്പോഴാണ് മൂന്നും നാലും പരാതികളിൽ മാത്രം തീർപ്പു കൽപ്പിക്കപ്പെടുന്നത്.
വിവിധ ഉത്പന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ ആശ്രയമായിരുന്നു ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം. എന്നാൽ ഫോറത്തിനു മുന്നിൽ പരാതികളുമായെത്തുന്നവർ നിരാശരായി മടങ്ങുകയാണ്. ഹർജികൾ കുമിഞ്ഞുകൂടാനിടയാക്കാതെ മറ്റു ജില്ലകളിൽനിന്നുള്ള അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി താത്കാലികമായെങ്കിലും കമ്മീഷന്റെ സിറ്റിംഗ് പുനരാരംഭിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പ്രവർത്തനം നിലച്ചതിനാൽ ഇപ്പോൾ ഫോറത്തിനു മുന്നിലെത്തുന്ന ഹർജിക്കാരുടെ എണ്ണവും കുറഞ്ഞു.