ഉടുമ്പന്‍ചോലയില്‍ വീണ്ടും ഇരട്ടവോട്ട് വിവാദം
1583676
Wednesday, August 13, 2025 11:15 PM IST
നെടുങ്കണ്ടം: രാഹുല്‍ ഗാന്ധി തൊടുത്തുവിട്ട വോട്ട് ക്രമക്കേട് ആരോപണങ്ങൾക്കു പിന്നാലെ ഉടുമ്പന്‍ചോല അസംബ്ലി നിയോജക മണ്ഡലത്തിലും ഇരട്ടവോട്ട് വിവാദം വീണ്ടും കത്തുന്നു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ തമിഴ് മേഖലകളിലാണ് ഇരട്ടവോട്ട് വിവാദം വീണ്ടും തലപൊക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടുക്കിയിലെ തമിഴ് മേഖലകളില്‍, പ്രത്യേകിച്ച് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഇരട്ടവോട്ട് വിവാദം ഓരോ തെരഞ്ഞെടുപ്പുകളിലും വര്‍ധിച്ചുവരികയാണ്. തടവുശിക്ഷവരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് ഇരട്ട സമ്മതിദാനാവകാശമെങ്കിലും ഇതിന് അറുതിവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.
ത്രിതല പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളകളിലെല്ലാം ഇടുക്കിയില്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് എത്താറുണ്ട്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിനുപുറമേ തമിഴ്നാട്ടിലെ തേനി മണ്ഡലത്തിലും വോട്ടവകാശമുണ്ടെന്ന പരാതിയില്‍ അന്വേഷണത്തിനെത്തിയ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെ പാറത്തോട്ടില്‍ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ഇരട്ട വോട്ടര്‍മാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ 40 പേര് അനധികൃതമായി വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടിയതായി കണ്ടെത്തി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ തിങ്കള്‍ക്കാട്ടില്‍ ആള്‍പാര്‍പ്പില്ലാത്ത ലയത്തിന്റെ മേല്‍വിലാസത്തില്‍ 11 വോട്ടര്‍മാര്‍ ഉള്ളതായും കണ്ടെത്തിയിരുന്നു.
ഉടുമ്പന്‍ചോല, സേനാപതി, ശാന്തന്‍പാറ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലായി താമസിക്കുന്ന നിരവധി പേര്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളതായാണ് നിലവിലെ ആക്ഷപം. ഉടുമ്പന്‍ചോല മണ്ഡലത്തിലെ തമിഴ് ഭൂരിപക്ഷ മേഖലകളാണ് ഇവ. ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരല്ലാത്തതും തമിഴ്നാട്ടില്‍ വോട്ടുള്ളവരുമായ നൂറുകണക്കിന് ആളുകളെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്ത്തിരിക്കുന്നതായുള്ള ആരോപണമാണ് ഉയരുന്നത്.
നിലവില്‍ പ്രവര്‍ത്തനരഹിതമായ ലയങ്ങളുടെ മേല്‍വിലാസത്തില്‍ പോലും നിരവധി പേരെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏലത്തോട്ടം മേഖലയായ ഇവിടെ ദിവസവും ആയിരക്കണക്കിന് തൊഴിലാളികള്‍ തമിഴ്നാട്ടില്‍നിന്നു രാവിലെ ജോലിക്കെത്തി വൈകുന്നേരം തിരികെ മടങ്ങാറുണ്ട്. ഇവര്‍ക്കെല്ലാംതന്നെ തമിഴ്നാട്ടില്‍ സ്ഥലവും വോട്ടും ഉള്ളവരാണ്. ഇത്തരം തൊഴിലാളികള്‍ ഉള്‍പ്പെടെയാണ് അനധികൃതമായി വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ടവോട്ട് പരാതിയുമായി രംഗത്തെത്തുന്നവര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉള്‍വലിയുകയാണ് പതിവ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 10,000ലധികം ഇരട്ട വോട്ടുകളുള്ളതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിലും വ്യാപക ക്രമക്കേടുള്ളതായി ഇവര്‍ പറയുന്നു.
സർക്കാർ മാതൃകയാകണം: എസ്. അശോകൻ
തൊടുപുഴ: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കി ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സിപിഎം എംപിമാരും പങ്കെടുത്തത് സ്വാഗതാർഹമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. ഇരട്ടവോട്ട് വിഷയത്തിൽ സിപിഎമ്മിന് പ്രതിബദ്ധതയും ആത്മാർഥതയും ഉണ്ടെങ്കിൽ സംസ്ഥാനത്തെ വോട്ടർ പട്ടികകളിലെ ഇരട്ട വോട്ടുകൾ നീക്കം ചെയ്ത് മാതൃക കാണിക്കണം.
ഉടുന്പൻചോല, പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങൾ ഇടതു മുന്നണി പിടിച്ചെടുത്തത് ഇരട്ട വോട്ടുകളുടെ പിൻബലത്തിലാണെന്ന് എല്ലാവർക്കുമറിയാം.
ഉടുന്പൻചോലയിൽ മാത്രം തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ള പതിനായിരത്തിൽപ്പരം വോട്ടർമാരുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആദ്യ പടിയായി ഉടുന്പൻചോലയിലെ ഇരട്ട വോട്ടുകൾ പൂർണമായും ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകാൻ സിപിഎമ്മിന്റെ നേതൃത്തിലുള്ള സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി നൂറുകണക്കിന് ആളുകളെ അനധികൃതമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെ യുള്ള ഇലക്ഷന് കമ്മീഷന് പറഞ്ഞിരിക്കുന്ന രേഖകളില്ലാതെയും ഭരണസ്വാധീനം ഉപയോിച്ചാണ് ഇത്തരത്തില്‍ പേര് ചേര്‍ക്കുന്നത്.
2005ല്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടർമാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്താണ് ഉടുമ്പന്‍ചോല. അനധികൃതമായി ഉള്‍പ്പെടുത്തിയ വോട്ടര്‍മാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്കാന് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, മണ്ഡലം പ്രസിഡന്റ്് ബിജു ഇടുക്കാര്‍ എന്നിവര്‍ അറിയിച്ചു.