തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ പ്രശ്നമായി മാറി: സി.പി. ജോണ്
1583408
Tuesday, August 12, 2025 11:54 PM IST
തൊടുപുഴ: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവിനെ വിശ്വാസത്തിലെടുത്ത് ചൂണ്ടിക്കാട്ടിയ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നു ഉറപ്പുനൽകുകയാണു വേണ്ടതെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ് പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ രാഹുൽഗാന്ധിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് സത്യവാംഗ് മൂലം ആവശ്യപ്പെടുകയാണ് കമ്മീഷൻ ചെയ്തത്. ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ ബിജെപിയെയും കേന്ദ്രസർക്കാരിനെയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. എങ്ങനെയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്ത് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ ഇരട്ടവോട്ട് ചെയ്യാൻ ആർക്കും കഴിയില്ലെന്ന ഉറപ്പുവരുത്തുന്നതിന് സർക്കാർ തയാറാകണം.
ഇതാരും മിണ്ടുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നുവെന്ന് ആരോപണം അന്നുതന്നെ ഉന്നയിച്ചിരുന്നെങ്കിലും സുരേഷ്ഗോപിയുടെ വിജയത്തിനുമുന്നിൽ വിമർശനങ്ങൾ മങ്ങിപ്പോകുകയായിരുന്നു. സംസ്ഥാന ഗവർണർ ചാൻസലർ പദവിയിൽ നിയമവിരുദ്ധമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ.എ. കുര്യൻ, ഏരിയാ സെക്രട്ടറി വി.എ. അനിൽകുമാർ, കൃഷ്ണൻ കണിയാപുരം, എസ്.കെ. മധു എന്നിവരും പങ്കെടുത്തു.