നിര്‍മാണം പാതിവഴിയില്‍; നാട്ടുകാര്‍ ദുരിതത്തിൽ
1583398
Tuesday, August 12, 2025 11:54 PM IST
നെടുങ്കണ്ടം: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന നെടുങ്കണ്ടം - കട്ടക്കാല റോഡിന്റെ നവീകരണത്തിന് നടപടികള്‍ ആരംഭിച്ചത് നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങളെത്തുടര്‍ന്നായിരുന്നു.
നാലര കിലോമീറ്റര്‍ ദൂരം റോഡിനായി അഞ്ചര കോടി രൂപ അനുവദിക്കുകയും 2023ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
11 മാസം കൊണ്ട് മികച്ച നിലവാരത്തില്‍ റോഡ് നിര്‍മിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, ഏതാനും ഭാഗത്ത് മണ്ണുജോലികള് ചെയ്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കരാര്‍ കമ്പനിയെ നിരന്തരം ബന്ധപ്പെട്ടിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നെടുങ്കണ്ടത്തിന്റെ കുടിയേറ്റകാലത്ത് ആരംഭിച്ച അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ റോഡിന്റെ നിര്‍മാണം കരാറുകാരന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് കുണ്ടും കുഴിയുമായി കാല്‍നടയാത്ര പോലും ദുഷ്കരമായ രീതിയില്‍ കിടക്കുന്നത്.
ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്മിക്കുന്നതിനായാണ് പൊതുമരാമത്ത് വകുപ്പുമായി കോണ്ട്രാക്ടര് കരാര്‍ ഏറ്റെടുത്തത്. സ്കൂള്‍ ബസുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും ചാറല്‍മേട് ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
മൈനര്‍സിറ്റി, ഉമ്മാക്കട, ചിന്നപ്പച്ചടി, ചാറല്‍മേട്, കട്ടക്കാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഏക മാര്‍ഗവും ഇതാണ്.
മണ്‍പണികള്‍ ആരംഭിച്ചതോടെ കാലവര്‍ഷത്തെത്തുടര്‍ന്ന് റോഡ് പൂര്‍ണമായും തകരുകയും വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഇപ്പോള്‍ 450ല്‍ അധികം കുഴികള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
കരാറുകാരന് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി ഒക്ടോബര്‍ വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
എന്നാല്‍, ഈ കാലയളവിനുള്ളില്‍ റോഡ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
കരാറുകാരന്റെ വീഴ്ച മൂലം റോഡ് നിര്‍മാണം തടസപ്പെടുന്നത് അവസാനിപ്പിച്ച് ഏറ്റവും വേഗത്തില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം
നെടുങ്കണ്ടം: നെടുങ്കണ്ടം - കട്ടക്കാല റോഡ് നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോയി നമ്പുടാകത്ത്, ജോസ് പൊട്ടംപ്ലാക്കല്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോയി കണിയാംപറമ്പില്‍, സണ്ണി പട്ട്യാലില്‍, ഫിലിപ്പ് കലയത്തുംകുഴിയില്, സോബി വേഴമ്പശേരി, ചാക്കോ കുന്നേല്‍, വര്‍ഗീസ് നെടുംപതാലില്‍, സോഫി കരിന്തകര, സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ബേബി മാപ്രയില്‍, ബിനോയി കായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.