ഇടുക്കി രൂപത മരിയൻ തീർഥാടനം അവലോകനയോഗം
1583678
Wednesday, August 13, 2025 11:15 PM IST
രാജാക്കാട്: അഞ്ചാമത് ഇടുക്കി രൂപത മരിയൻ തീർഥാടനത്തിന്റെ അവലോകന യോഗം രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ നടത്തി. സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നിന് അടിമാലി സെന്റ് ജൂഡ് പള്ളിയങ്കണത്തിൽനിന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ മരിയൻ തീർഥാടനം ആരംഭിച്ച് വെള്ളത്തൂവൽ പന്നിയാർകൂട്ടി വഴി രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ സമാപിക്കും.
ആറിനു രാവിലെ 9.30ന് രാജാക്കാട് പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് തീർഥാടനം നടത്തും. മരിയൻ തീർഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ രക്ഷാധികാരിയായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.
അവലോകന യോഗത്തിൽ രൂപതയിലെ എട്ടു ഫൊറോനകളിൽനിന്നുള്ള വൈദികരും അത്മായ പ്രതിനിധികളും പങ്കെടുത്തു. മാർ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, രാജാക്കാട് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. ജോൺ പാട്ടത്തേക്കുഴി, ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജോസ് പുതിയാപറമ്പിൽ, ജോർജ് കോയിക്കൽ, ഷാജി ഈഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
വിശ്വാസപരിശീലന കേന്ദ്രം വെഞ്ചരിപ്പ്
രാജകുമാരി: മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലെ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ വെഞ്ചരിപ്പ് നിർവഹിക്കും. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിക്കും.