വൈറൽപനിയിൽ വിറച്ച് ഇടുക്കി
1583679
Wednesday, August 13, 2025 11:15 PM IST
തൊടുപുഴ: മഴ വ്യാപകമായതിനോടൊപ്പം ജില്ലയിൽ വൈറൽപനിയും മറ്റു പകർച്ച വ്യാധികളും പിടിമുറുക്കുന്നു. കനത്ത മഴ ശമനമില്ലാതെ തുടരുന്നതിനിടെയാണ് പല ഭാഗത്തും പകർച്ചവ്യാധികൾ പടരുന്നത്. പകർച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഒരു മാസം ശരാശരി ആറായിരത്തിനു മുകളിൽ ആളുകൾ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ദിവസേന അഞ്ഞൂറോളം പേരാണ് പനിബാധിതരായി വിവിധ ആശുപത്രികളിൽ എത്തുന്നത്. ഈ വർഷം ഇതുവരെ 46,095 പേർക്ക് വൈറൽപനി ബാധിച്ചതായാണ് കണക്ക്. ഈ മാസം 3,415 പേർ ഇതുവരെ ചികിൽസ തേടി. ഈയാഴ്ച മാത്രം 688 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തിയത്. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോമിയോ, ആയുർവേദം തുടങ്ങി ഇതര ചികിത്സാവിഭാഗങ്ങളിൽ എത്തിയവരുടെ കണക്ക് കൂടിയാകുന്പോൾ പനി ബാധിതരുടെ എണ്ണം ഇതിലുമേറെ വരും.
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പനി വിട്ടുമാറിയാലും ചുമ, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയുമുണ്ട്. പനി ലക്ഷണങ്ങൾ നിസാരമായി കാണാതെ ഉടൻ ആശുപത്രികളിൽ ചികിത്സ തേടണമെന്നും പനിക്കൊപ്പം ശരീരവേദനയുണ്ടാകുന്പോൾ വേദന സംഹാരിയും മറ്റും കഴിച്ചുള്ള സ്വയംചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡെങ്കിപ്പനിയും എലിപ്പനിയും പടരാനുള്ള സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വർധിപ്പിക്കും.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് പകൽ സമയങ്ങളിലാണു കടിക്കുന്നത്. ഈ സമയം ആളുകൾ പുറത്തായതിനാൽ രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൊതുകു വളരുന്നതിനുള്ള സാധ്യതകളും ഒഴിവാക്കണം.
തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, ഓട വൃത്തിയാക്കുന്നവർ, പാടത്ത് ജോലി ചെയ്യുന്നവർ തുടങ്ങി മലിനജലവുമായി സന്പർക്കമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനിക്കുള്ള പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതു ലഭ്യമാണ്.
ഇതിനിടെ ജില്ലയിൽ കൂടുതൽ സർക്കാർ ആശുപത്രികളിലും കിടത്തിച്ചികിത്സ നിലച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കൂടുതൽ ആശുപത്രികളിലും ഉച്ച വരെയുള്ള ഒപി മാത്രമാണ് പ്രവർത്തിക്കുന്നത്. സായാഹ്ന ഒപികൾ പല ആശുപത്രികളിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.