കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും
1583405
Tuesday, August 12, 2025 11:54 PM IST
പാലാ: കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കുടുംബകൂട്ടായ്മ രൂപതാസമിതി സംഘടിപ്പിച്ച ഇടവകതല കൂട്ടായ്മാ പ്രതിനിധികളുടെ സമ്മേളനം തീരുമാനിച്ചു. ഇതിനായി ‘ജീവമന്ന’ എന്ന വചന പഠനപരമ്പര ആരംഭിക്കും.
ഇന്നലെ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സമ്മേളനം വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ ആത്മീയതയിലൂടെയും പ്രാര്ഥനയിലുടെയും കൈപിടിച്ചുയര്‍ത്താന്‍ സാധിക്കണമെന്നും നമ്മുടെ കുടുംബങ്ങള്‍ സ്വര്ഗമാകണമെന്നും ബൈബിള്‍ വായിക്കാനും പഠിക്കാനും ധ്യാനിക്കാനും പകര്‍ത്താനും ശ്രമിക്കുമ്പോഴാണ് കുടുംബങ്ങള്‍ ശരിയായ ദിശയില്‍ സ്വര്‍ഗത്തിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവമന്ന എന്ന വചന പഠനപരമ്പരയ്ക്ക് കുട്ടികളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്ത്, മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, അസി. ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, കുടുംബകൂട്ടായ്മ രൂപത സെക്രട്ടറി ബാബു പോള്‍ പെരിയപ്പുറം, ബാബു ഇടിമണ്ണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.