വിദ്യാർഥികൾ വഴിതെറ്റാതിരിക്കാൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കുന്നു
1298832
Wednesday, May 31, 2023 4:45 AM IST
ആലുവ: വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനായി സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ പുനർജീവിപ്പിക്കാനൊരുങ്ങി ജില്ലാ റൂറൽ പോലീസ്. വിദ്യാർഥികൾ ചൂഷണത്തിന് ഇരയാകുന്നത് തടയുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഇല്ലാതാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ 2011ൽ സംസ്ഥാന സർക്കാർ ആരംഭിച്ച എസ്പിജി ഗ്രൂപ്പുകളാണ് 12 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ പുനസംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപന തലവൻ അല്ലെങ്കിൽ പിടിഎ പ്രസിഡന്റ് ചെയർമാനും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറുമായാണ് എസ്പിജി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. പ്രാദേശിക ജനപ്രതിനിധി, സ്കൂൾ ലീഡർ, മാതാപിതാക്കൾ, രണ്ട് അധ്യാപകർ, വ്യാപാരി, ഓട്ടോ ഡ്രൈവർ, ജാഗ്രതാ സമിതിയുടെയോ എസ്പിസിയുടെയോ പ്രതിനിധി, പ്രദേശത്തെ പ്രമുഖർ എന്നിവർ അംഗങ്ങളായിരിക്കും.
ഗതാഗത സുരക്ഷ
സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷയൊരുക്കുക, മയക്കുമരുന്ന് പദാർഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉത്പന്നങ്ങൾ, ലഹരി പാനീയങ്ങൾ, പാൻ മസാല തുടങ്ങിയവയുടെ വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ചുമതലകൾ.
സ്കൂൾ സമയത്തിനു മുന്പും ശേഷവും?
സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂളിൽ നിന്ന് പോകുന്ന വിദ്യാർഥികളെക്കുറിച്ചും ക്ലാസുകൾ അവസാനിച്ച ശേഷം വീടുകളിൽ പോകാതെ നടക്കുന്ന വിദ്യാർഥികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക, ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിക്കുക, അവരെ നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ടോ എന്നും നിരീക്ഷിച്ച് അധികാരികളെ അറിയിക്കുക, സ്കൂൾ പ്രവർത്തിക്കാത്ത സമയത്ത് സ്കൂൾ പരിസരത്തുള്ള അപരിചിതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് എസ്പിജി ഗ്രൂപ്പിന്റെ മറ്റു പ്രവർത്തനങ്ങൾ.
മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് സ്കൂൾ വാഹനങ്ങളുടെ പരിശോധന റൂറൽ ജില്ലയിൽ പോലീസ് പൂർത്തിയാക്കി. വിദ്യാർഥികളെ കൂട്ടമായി കൊണ്ടുവരുന്ന മറ്റ് വാഹനങ്ങളുടെ പരിശോധന ഉടൻ ആരംഭിക്കുമെന്ന് എസ്പി വിവേക് കുമാർ പറഞ്ഞു. ഡ്രൈവർമാരുടെ വിവരങ്ങൾ സ്റ്റേഷനിൽ സൂക്ഷിക്കുമെന്നും റൂറൽ പോലീസ് അറിയിച്ചു.