വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
1338173
Monday, September 25, 2023 2:05 AM IST
കൊച്ചി: ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ സമാപനം. ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച്ബിഷപ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ഷിന്റോ മറയൂര്‍ വചന പ്രഘോഷണം നടത്തി.
ദിവ്യബലിക്ക് മുന്നോടിയായി ആർച്ച്ബിഷപ്പിനും പാലിയം കുടുംബാംഗങ്ങള്‍ക്കും പള്ളി വീട്ടില്‍ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങള്‍ക്കും റോസറി പാര്‍ക്കിലെ മംഗള കവാടത്തില്‍ സ്വീകരണം നല്കി.
പളളി വീട്ടില്‍ മീനാക്ഷിയമ്മയുടെ പിന്തലമുറക്കാര് പരമ്പരാഗതമായി ചെയ്ത് വരുന്ന മോര് വിതരണത്തിന്റെ ആശീര്‍വാദകര്‍മവും ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു. തുടര്‍ന്ന് ദേവാലയത്തിന്റെ അള്‍ത്താരയിലെ കെടാവിളക്കില്‍ പാലിയം കുടുംബത്തിലെ കാരണവര്‍ എണ്ണ പകര്‍ന്ന് ദീപം തെളിച്ചതോടെ തിരുനാള്‍ ദിവ്യബലിക്ക് തുടക്കമായി.
തുടര്‍ന്ന് നൊവേനയിലും തിരുനാള്‍ പ്രദക്ഷിണത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.