കാട്ടാനക്കലി കൂരിരുട്ടിലാക്കിയ കുടുംബം
1393949
Monday, February 19, 2024 4:05 AM IST
സിജോ പൈനാടത്ത്
‘മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണു കമ്പു കുത്തിക്കയറി ചേട്ടന്റെ ഒരു കണ്ണിനു കാഴ്ച നഷ്ടമായത്. എങ്കിലും ചേട്ടനായിരുന്നു ഈ വീടിന്റെ വെളിച്ചം. കൂലിപ്പണിക്കു പോയി അദ്ദേഹം കുടുംബം പുലര്‍ത്തി.
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ എന്റെ ദീര്‍ഘനാളത്തെ ചികിത്സ, രോഗിയായ അച്ഛനും അമ്മയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ചെലവുകള്‍... എല്ലാം ചേട്ടന് അറിഞ്ഞു ചെയ്തു.... ചേട്ടനെ കാട്ടാന കുത്തിക്കൊന്നപ്പോള്‍, ഞങ്ങടെ കുടുംബം കൂടിയാണ് ഇരുട്ടിലായത്...! '
വടാട്ടുപാറ ചക്കിമേടില്‍ വീട്ടുമുറ്റത്തു കാട്ടാനയുടെ കുത്തേറ്റു മരിച്ച മാലിയില്‍ ജയന് രവിയുടെ (33) സഹോദരന് അജയന്റെ കണ്ഠമിടറിയുള്ള വാക്കുകള്‍. 2015 ഓഗസ്റ്റ് 13നാണു ജയന് കൊല്ലപ്പെട്ടത്. ജയനെ ആശ്രയിച്ചു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബം ഒമ്പതു വര്‍ഷത്തിനിപ്പുറവും പരാധീനതകളുടെ നടുവിലാണ്.
എന്റെ കണ്മുന്നിലായിരുന്നു ചേട്ടനെ...!!
പുലര്‍ച്ചെ മൂന്നോടെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങിയതാണു ജയന്. ഒരു കണ്ണിനു കാഴ്ചയില്ലാതിരുന്നതിനാല്, ഇരുട്ടില്‍ വാഴയും അടയ്ക്കാമരവും മറിച്ചിട്ടു തിന്നുകൊണ്ടിരുന്ന കൊമ്പന് ജയന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.
ആനയുടെ കുത്തേറ്റു വീണ ചേട്ടന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഞാന്‍ ഉണര്‍ന്ന് മുറ്റത്തെത്തി. കൊമ്പിനു കുത്തിയശേഷം ആന തുമ്പിക്കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നിലയിലാണ് ചേട്ടനെ ഞാന്‍ കാണുന്നത്. ചേട്ടന് ഉറക്കെ നിലവിളിക്കുന്നുണ്ട്. ഞാനും ഒച്ചയുണ്ടാക്കി. അപ്പോഴേക്കും ചേട്ടനെ ആന നിലത്തടിച്ചു ചവുട്ടി....! അങ്ങനെ എന്റെ കണ്മുന്നില്.. ചേട്ടന്... ഇപ്പോഴും ഉള്ളിലെ ഞെട്ടല്‍ മാറിയിട്ടില്ല.! അജയന് പറയുന്നു.
നാലോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആനയുടെ ആക്രമണത്തില്‍ ശ്വാസകോശത്തിലും മറ്റ് ആന്തരികാവയവങ്ങളിലുമുണ്ടായ ആഘാതമാണു മരണ കാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹവുമായി പ്രതിഷേധം
ആനയുടെ കുത്തേറ്റു മരിച്ച ജയന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മതിയായ നഷ്ടപരിഹാരവും ഭാര്യയ്ക്കു ജോലിയും നല്‍കണമെന്ന ആവശ്യവുമുയര്ത്തിയായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിലേക്കു നീങ്ങുന്ന ഘട്ടമെത്തിയപ്പോഴേക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇടപെട്ടു.
നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കാമെന്നും ഭാര്യ ആശയ്ക്കു സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കാമെന്നും സമ്മതിച്ചതോടെയാണു പ്രതിഷേധം അവസാനിച്ചത്.
ജോലി എന്നു തരും
നഷ്ടപരിഹാരത്തുക ലഭിച്ചു. ജയന്റെ ഭാര്യയ്ക്കു സ്ഥിരം ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇപ്പോഴും പാലിച്ചിട്ടില്ല. ആരുടെയൊക്കെയോ കാരുണ്യത്തില്‍ കുട്ടമ്പുഴ വില്ലേജില്‍ താത്കാലിക ജോലിയുണ്ട്.
ചേട്ടത്തിക്കു സ്ഥിരജോലി കിട്ടിയിരുന്നെങ്കില്‍ അവരുടെയും മക്കളുടെയെങ്കിലും ആവശ്യങ്ങള്‍ക്കു പരിഹാരമാകുമെന്ന് അജയന്. ആറാം ക്ലാസുകാരിയായ അവരുടെ മകള്‍ പെരുമ്പാവൂരില്‍ അനാഥാലയത്തിലാണ്. എട്ടാം ക്ലാസുകാരനായ മകന് കുട്ടമ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.
അപകടത്തിനുശേഷം ഭാരമുള്ള ജോലിയ്ക്കു പോകാനാവാത്ത സ്ഥിതിയിലാണു ഞാന്‍. രോഗിയായ അഛന് രവിയ്ക്കും അമ്മ രുക്മിണിയ്ക്കും സ്വന്തമായി ഒന്നും ചെയ്യാനാവാത്ത സ്ഥിതി. ഞങ്ങള്‍ക്കുവേണ്ടി ആരു സംസാരിക്കും...! അറിയില്ല.. ചേട്ടന് ഉണ്ടായിരുന്നെങ്കില്‍....!!
അജയന് കരഞ്ഞുകൊണ്ടു പറഞ്ഞുനിര്‍ത്തി. ജയന്റേതു പോലെ ആനക്കലിയില്‍ തകര്‍ന്നുപോയ കുടുംബങ്ങള്‍ മലയോര മേഖലകളില്‍ ഇനിയുമുണ്ട്. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു ജീവന് തിരിച്ചുകിട്ടിയെങ്കിലും, ജീവിതത്തിന്റെ താളം നഷ്ടമായവര്‍ എത്രയോ പേര്.!! അതേക്കുറിച്ചു നാളെ.
(തുടരും)
നഷ്ടപരിഹാരം എങ്ങനെ കിട്ടും
വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. പരിക്കേറ്റയാള്‍ക്കു നല്കിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് കേരള സര്‍ക്കാര്‍ സര്‍വീസിലെ സിവില്‍ സര്ജന് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി.
ഒരു ലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനു പരിക്കേറ്റ വ്യക്തിയെ ചികിത്സിച്ച രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ കേരള സര്‍ക്കാര്‍ സര്‍വീസിലെ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാല്‍ മതി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികില്‍സാ ചെലവ് നിര്‍ദിഷ്ട ആവശ്യത്തിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.
വന്യമൃഗ ആക്രമണം മൂലം പരിക്ക് പറ്റുന്ന വ്യക്തിയ്ക്ക് ചികില്‍സയ്ക്ക് ചെലവാകുന്ന തുകയില്‍ പരമാവധി കിട്ടാനിടയുള്ളത് ഒരു ലക്ഷം രൂപയാണ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സാച്ചെലവ് പൂര്‍ണമായും കിട്ടും. വന്യജീവി ആക്രമണത്തില്‍ സ്ഥിരം അംഗ വൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപയാണു നഷ്ടപരിഹാരം. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.