ബജറ്റ് അവതരണത്തെ ചൊല്ലിയുള്ള തർക്കം : തൃക്കാക്കരയിൽ അടിയന്തര കൗൺസിൽ യോഗം ഇന്ന്
1394402
Wednesday, February 21, 2024 3:46 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞ ബജറ്റ് അവതരണത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിതുടരുന്ന സാഹചര്യത്തിൽ എൽഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ പ്രത്യേക കൗൺസിൽ യോഗം ഇന്ന്. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി ടി.കെ. സന്തോഷ് കരട് ബജറ്റ് ബുക്ക് മേശപ്പുറത്ത് വച്ചിരുന്നു.
എന്നാൽ നഗരസഭ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ തയാറാക്കിയ ബജറ്റ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ വായിക്കുകയും പാസാക്കുകയുമായിരുന്നു. ഭരണസമിതി പാസാക്കിയ ബജറ്റിലെ നിയമപ്രശനമാണ് പ്രതിപക്ഷം പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനിടെ നഗരസഭ സെക്രട്ടറിയുടെ ബജറ്റ് പരാജയപ്പെടുത്താൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി വിപ്പ് നൽകി. കോൺഗ്രസ്-ഐ വിഭാഗം വിട്ടുനിൽക്കുമെന്ന അഭ്യൂഹത്തെതുടർന്നാണ് കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയത്.
കോൺഗ്രസിന് 16 അംഗങ്ങളാണ് നഗരസഭയിലുള്ളത്. അഞ്ച് അംഗങ്ങളുള്ള ലീഗ് ഇതുവരെ വിപ്പ് നൽകിയിട്ടില്ല. നാല് സ്വതന്ത്രരും യുഡിഎഫിന് ഒപ്പമാണ്. ലീഗിലെ ഇരുഗ്രൂപ്പുകാരും യുഡിഎഫിന് ഒപ്പം നിൽക്കുന്ന സ്വതന്ത്രരും എടുക്കുന്ന നിലപാട് നിർണായകമാവും.