പള്ളിക്കരയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു
1437030
Thursday, July 18, 2024 6:54 AM IST
കിഴക്കമ്പലം: പള്ളിക്കര ചാക്കോത്ത് മല ചിറ്റനാട് ഭാഗത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു . കഴിഞ്ഞ രാത്രി 10.30 നാണ് സംഭവം. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോന്റെ വീട്ടുമുറ്റത്തേക്കാണ് രാത്രിയിലെ ശക്തമായ മഴയിൽ 40 അടി ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞു വീണത്.
വലിയ കല്ലുകൾ വീടിന്റെ ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് ജനൽ തകർന്ന് തെറിച്ചു പോകുകയും വീടിനകത്തേക്ക് കല്ലും മണ്ണും വീഴുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന കട്ടിൽ, അലമാര കുട്ടികളുടെ പുസ്തകങ്ങൾ എന്നിവ പൂർണമായും നശിച്ചു.
മറ്റൊരു മുറിയുടെ ജനൽ ചില്ലുകളും തകർന്നു. വിടിന്റെ മുറിക്കുള്ളിലൂടെ മണ്ണ് തെറിച്ച് മുൻവശത്തും എത്തി. മകൾ അൽന ഓൺലൈൻ പരീക്ഷ കഴിഞ്ഞ് സെക്കൻഡുകൾ മുമ്പാണ് ഭക്ഷണം കഴിക്കുന്നതിന് എഴുന്നേറ്റ് പോയത്. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ശബ്ദം കേട്ട് നോക്കുമ്പോഴേക്കും മണ്ണും കല്ലും വീട്ടിലേക്ക് ഇടിച്ച് കയറിയിരുന്നു. പെട്ടെന്ന് എഴുന്നേറ്റ് ഓടിയത് കൊണ്ടാണ് പരിക്കുകൾ ഏൽക്കാതിരുന്നത്.
മകൾക്ക് ഓൺലൈൻ പരീക്ഷ നടക്കുന്നതിനാൽ കിടക്കാൻ വൈകി. അതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്ന് ജോമോൻ പറഞ്ഞു. ഈ സമയം വീട്ടിലെ വൈദ്യുതിയും മുടങ്ങി. കുന്നത്തുനാട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി കുടുംബത്തെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് മാറ്റി.
പരിസരത്തുള്ള മറ്റൊരു വീടും അപകട ഭീഷണിയിലാണ്. ഏത് സമയത്തും വീടിനോടു ചേർന്നുള്ള മണ്ണ് മല ഇടിയുമെന്ന അവസ്ഥയാണ്. ബുധനാഴ്ച രാവിലെ 10.30 ഓടെ തഹസീൽദാർ താജുദീന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ, വൈസ് പ്രസിഡന്റ് റോയി ഔസേപ്പ് പ്രതിപക്ഷ അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. നേരത്തെ ലൈഫ് പദ്ധതിയിൽ പണിത വിടാണിത്.