പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിനെ(ബേബി 29) ആണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ്കുമാർ ശിക്ഷിച്ചത്. 2021 -22 കാലയളവിലായിരുന്നു സംഭവം.
പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പലതവണയായെത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. ബിനാനിപുരം സിഐയായിരുന്ന വി.ആർ. സുനിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.