കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സാബുവും കൂട്ടാളിയും പിടിയിൽ
1452660
Thursday, September 12, 2024 3:36 AM IST
പെരുമ്പാവൂർ: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സാബുവും കൂട്ടാളിയും പോലീസ് പിടിയിൽ. സംസ്ഥാനത്ത് അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയായ സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സാബു (സ്പൈഡർ സാബു 53), ഇയാളുടെ കൂട്ടാളി കോഴിക്കോട് നല്ലളം ചൈത്രം വീട്ടിൽ അജിത്ത് സത്യജിത്ത് (30) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ നിന്ന് പിടികൂടിയത്.
അങ്കമാലിയിൽ മോഷണത്തിന് ഒരുക്കം നടത്തുന്നതിനിടെയാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് രാത്രി കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർ പരമേശ്വരൻ ഇളയതിന്റെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി നവരത്ന മോതിരം, 25000 രൂപ , സ്മാർട്ട് വാച്ചുകൾ, പെൻ കാമറ, ടാബ് തുടങ്ങിയ മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.
പകൽസമയം ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടുവച്ച്, രാത്രിയിൽ ബൈക്കിൽ എത്തി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 2023 ൽ കോഴിക്കോട്ടുനിന്ന് മോഷണക്കേസിൽ ജയിലിൽ പോയ സാബു മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്ന അജിത്തുമായി പരിചയപ്പെടുകയായിരുന്നു. മാർച്ചിൽ ജയിലിൽ നിന്നിറങ്ങിയ പ്രതികൾ ഒരുമിച്ച് താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.
മണ്ണൂരിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച നവരത്ന മോതിരം എറണാകുളത്താണ് വിറ്റത്. കോഴിക്കോട് വയനാട്, തൃശൂർ എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി അന്പതിലേറെ മോഷണ ക്കേസുകളിൽ പ്രതിയാണ് സ്പൈഡർ സാബു. 2001 ൽ കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
എഎസ്പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ ടി.എസ്. സനീഷ്, ജെ.സജി, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, വർഗീസ് വേണാട്ട് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.