മഞ്ഞള്ളൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി വസന്തം
1452687
Thursday, September 12, 2024 4:01 AM IST
മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലിപ്പൂ വസന്തം. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ മഞ്ഞള്ളൂർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ പുഷ്പ കൃഷിയിൽ 15,000 ചെണ്ടുമല്ലി തൈകളാണ് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾക്ക് വിതരണം ചെയ്തത്.
ഓണമെത്താറായതോടെ ചെണ്ടുമല്ലി വിളവെടുപ്പും ആരംഭിച്ചിരിക്കുകയാണ്. ഓണത്തിന് ആഴ്ചകൾക്ക് മുമ്പ് വിളവെടുത്ത പൂക്കൾ വിൽക്കാൻ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചങ്കിലും ഓണം അടുത്തതോടെ പൂക്കൾക്ക് ആവശ്യക്കാരും ഏറി. അടുത്തകാലത്താണ് ഗ്രാമങ്ങളില്‍ പൂകൃഷി തുടങ്ങിയത്.
പൂക്കൾ വിരിഞ്ഞ് വിളവെടുപ്പിന് പാകമായ ചെണ്ടുമല്ലി പാടങ്ങൾ കാണുന്നതിനും സെൽഫി എടുക്കുന്നതിനും നിരവധി പേരാണ് എത്തുന്നത്. ഓണവിപണി ലക്ഷ്യമിട്ട് മഞ്ഞള്ളൂർ പഞ്ചായത്തില്‍ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു.
ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ വാർഡ് അംഗവും മഹിള സംഘം മണ്ഡലം സെക്രട്ടറിയുമായ അനിത റെജിയും മഹിള സംഘം മഞ്ഞള്ളൂർ ലോക്കൽ കമ്മറ്റി അംഗവുമായ സന്ധ്യ ശിവൻ എന്നിവരുടെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത 30 സെന്റ് സ്ഥലത്ത് 3000 തൈകള്‍ നട്ടത്.
ഇന്നലെ 100 കിലോ പൂക്കളാണ് വിളവെടുത്തത്. വിളവെടുത്ത പൂക്കൾ തോട്ടത്തിൽനിന്ന് തന്നെ വിൽപ്പനയും നടത്തി.