കർഷകരെ ഓണത്തിനും സർക്കാർ അവഗണിച്ചു: കർഷക കോണ്ഗ്രസ്
1453794
Tuesday, September 17, 2024 1:53 AM IST
കോതമംഗലം: വന്യമൃഗശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികൾ നശിച്ച് നിരാശയിലായി ജീവിതം വഴിമുട്ടിയ കർഷകരെ ഓണത്തിനും സർക്കാർ അവഗണിച്ചിരിക്കുകയാണെന്ന് കർഷക കോണ്ഗ്രസ് നേതൃസംഗമം കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ കർഷക ആനുകൂല്യങ്ങളെല്ലാം സർക്കാർ കുടിശികയാക്കിയിരിക്കുകയാണ്. കർഷക ക്ഷേമനിധി നിർജീവമാക്കിയതിനാൽ പെൻഷനുമില്ല. ഓണവും കർഷകർ പട്ടിണിദിനമായി കടന്നുപോയി. സഹകരണ ബാങ്കുകളിൽ നിന്നടക്കം ബാങ്കുകളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള ലോണുകൾ കുടിശികയും ജപ്തിയുമായി കിടക്കുന്നു. ഈ കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാരിന്റെ വിവിധ മേഖലകളിലെ ധൂർത്ത് ഒഴിവാക്കി ഇനിയും കർഷകരെ സഹായിക്കുവാൻ തയാറായില്ലെങ്കിൽ പണിയായുധങ്ങളുമായി കളക്ടറേറ്റിനു മുന്നിലേക്ക് മാർച്ചും നിരാശാ ദിനാചരണവും നടത്താൻ നേതൃസംഗമം തീരുമാനിച്ചു.
നേതൃസംഗമം കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
കെ.ഇ. കാസിം, എം.സി. അയ്യപ്പൻ, പി.എം. സിദ്ദിഖ്, മത്തായി വെളിയത്ത്, എൻ.എഫ്. തോമസ്, വർഗീസ് കൊന്നനാൽ, ജോണ് നാടുകാണി, എം.പി. എസ്തപ്പാനോസ്, ജോസ് കൈതമന, ജോണ്സണ് രാമല്ലൂർ, ഏലിയാസ് പുളിക്കക്കുടി, ജോയി പനയ്ക്കൽ, ബൈജു ജേക്കബ്, മാർട്ടിൻ കീഴേമാടൻ, നിബു തോമസ്, കരുണാകരൻ പുനത്തിൽ, ഷൈമോൾ ബേബി, റീന വരയനാട്ട് എന്നിവർ പ്രസംഗിച്ചു.