ജില്ലാ ജയിലിൽ ജീവനക്കാരിക്കെതിരെ ജാതി അധിക്ഷേപം; ജയിൽ മെഡിക്കൽ ഓഫീസർക്കെതിരെ കേസെടുത്തു
1535328
Saturday, March 22, 2025 3:55 AM IST
കാക്കനാട്: ജില്ലാ ജയിൽ ഫാർമസിസ്റ്റിനെതിരെ ജാതിപരമായ അധിക്ഷേപം നടത്തുകയും ശുചിമുറി വൃത്തിയാക്കിക്കുകയും ചെയ്തെന്ന പരാതിയിൽ കാക്കനാട് ജയിൽ മെഡിക്കൽ ഓഫീസർ ഡോ. ബെൽന മാർഗരറ്റിനതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. പട്ടികജാതി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.
മെഡിക്കൽ ഓഫീസർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ കഴുകിച്ചതായും നിരന്തരം മാനസിക പീഡനമേൽപ്പിച്ചതായും ചൂണ്ടിക്കാട്ടി ജയിൽ മേലധികാരികൾക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ ജയിൽ ജീവനക്കാരി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിന്റെ അന്വേഷണ ചുമതല തൃക്കാക്കര എസിപിക്കാണെന്ന് ഇൻഫോപാർക്ക് പോലീസ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
ജാതി അധിക്ഷേപത്തിന് ഇരയായ വനിതാ ഫാർമസിസ്റ്റിന് നീതി ഉറപ്പാക്കണമെന്നും ജയിൽ മെഡിക്കൽ ഓഫീസറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രവർത്തകർ എസിപി ഓഫീസിലേക്ക് മാർച്ച് നടത്തി.
ജിപ്സൺ ജോളി, റാഷിദ് ഉള്ളംപിള്ളി, സി.സി. വിജു, പി.എസ്. സുജിത്ത്, ബാബു ആന്റണി, സിന്റോ ജോയ്, റൂബൻ പൈനാക്കി തുടങ്ങിയവർ നേതൃത്വം നൽകി.