ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കി വായനശാലാ പ്രവർത്തകർ
1535355
Saturday, March 22, 2025 4:34 AM IST
മൂവാറ്റുപുഴ: വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ വായനശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നു. എക്സൈസ്, പോലീസ് സംവിധാനങ്ങൾക്ക് മാത്രമായി ഈ വിപത്തിനെ ചെറുത്ത് തോല്പിക്കാനാകില്ല എന്നതിനാൽ സംസ്ഥാന ലൈബ്രറി കൗണ്‍സിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ പൊതുജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കാന്പയിൻ ആരംഭിക്കുകയാണ്.
വായനയാണ് ലഹരി എന്ന സന്ദേശം നൽകി മൂവാറ്റുപുഴ താലൂക്കിലെ നൂറു കേന്ദ്രങ്ങളിൽ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും.
ലോകാരോഗ്യദിനമായ ഏഴിന് പരിപാടിക്ക് തുടക്കും കുറിക്കും. അക്ഷരമാണ് ലഹരിയെന്ന പ്രമേയത്തിൽ ഊന്നി ക്ലാസുകൾ, ലഘുലേഖ വിതരണം, ബോധവത്കരണത്തിന്റെ ഭാഗമായി കലാപരിപാടികൾ, ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കർമസമിതി രൂപീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അക്ഷര ദീപം തെളിക്കൽ, പോസ്റ്റർ പ്രചാരണം, സ്കിറ്റ് അവതരണം, ഫ്ലാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും.
വിദ്യാർഥികളേയും യുവജനങ്ങളേയും കൂടുതലായി ക്യാന്പയിനിൽ അണിനിരത്തും. വീട്ടമ്മമാരുടെ പിന്തുണയും ഉറപ്പുവരുത്തുമെന്ന് പ്രസിഡന്റ് ജോഷി സക്റിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.