ആദിവാസി നഗറുകളിലേക്ക് കെഎസ്ആർടിസി സർവീസ്
1535610
Sunday, March 23, 2025 4:49 AM IST
കോതമംഗലം: ഇടമലയാർ വനത്തിലെ താളുംകണ്ടം, പോങ്ങൻചോട് ആദിവാസി നഗറുകളിലേക്ക് കഐസ്ആർടിസി സ്ഥിരം ബസ് സർവീസ് ആരംഭിച്ചു. വടാട്ടുപാറ, ഇടമലയാർ വഴിയാണ് സർവീസ്. പോങ്ങൻചോട്ടിൽനിന്ന് രാവിലെ ആറിന് ബസ് പുറപ്പെടും.
ഇടമലയാർ, വടാട്ടുപാറ, കോതമംഗലം വഴി എറണാകുളത്തേക്കാണ് ട്രിപ്പ്. കോതമംഗലത്തുനിന്ന് വൈകുന്നേരം 5.10നാണ് തിരിച്ച് പൊങ്ങൻചോട്ടിലേക്കുള്ള ട്രിപ്പ്. ഇതുവരെ ജീപ്പുകളെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവർക്കാണ് ബസ് സൗകര്യം ലഭ്യമായിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുമെന്നതും നേട്ടമായി. ഭാവിയിൽ ടൂറിസത്തിനൂകൂടി ഉപകരിക്കുന്ന ഒരു റൂട്ടിലാണ് കെഎസ്ആർടിസി കടന്നുവന്നിരിക്കുന്നത്. ഇടമലയാർ ഡാം, വൈശാലി ഗുഹ, മലനിരകൾ, നിബിഢ വനം എന്നിവയെല്ലാം ഈ റൂട്ടിൽ ആസ്വാദ്യകരമായ അനുഭവം നൽകും.
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പിള്ളി എന്നിവർ ചേർന്ന് ബസ് സർവീസ് ഉദ്ഘാടനം ചെയ്തു.