ആലുവയിൽ കലുങ്കിന്റെ കൈവരി തകർത്ത് കൂറ്റൻ ട്രെയിലർ ലോറി തലകീഴായി മറിഞ്ഞു
1575039
Saturday, July 12, 2025 4:27 AM IST
കേബിളുകൾ മുറിഞ്ഞു, കുടിവെള്ള പൈപ്പുകൾ പൊട്ടി
ആലുവ: ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം 22 ചക്രത്തിന്റെ, ട്രെയിലർ ലോറി കലുങ്കിന്റെ കൈവരി തകർത്ത് 20 അടിയോളം ആഴമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ നാലോടെ എറണാകുളം ഭാഗത്തേക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ട്രെയിലർ ലോറി മെട്രോ പില്ലർ 75ന് സമീപമാണ് മറിഞ്ഞത്. ദേശീയപാതയ്ക്ക് സമാന്തരമായി റെയിൽവേ ട്രാക്കും കടന്നുപോകുന്നുണ്ട്. രണ്ടും വേർതിരിക്കുന്നത് ദേശീയപാതയുടെ അടിയിലൂടെ പോകുന്ന കാനയാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ട്രെയിലർ ആർഎംസി റെഡിമിക്സ് യൂണിറ്റിലേക്ക് ഗോഡൗണിൽ നിന്നും സിമന്റ് കൊണ്ടുപോവുകയായിരുന്നു.
വലിയ ശബ്ദംകേട്ട് സമീപവാസികളെത്തി ടോർച്ചടിച്ചു നോക്കിയപ്പോഴാണ് ട്രെയിലർ മറിഞ്ഞതായി കണ്ടത്. വള്ളിപ്പടർപ്പുകളും വലിയ ചെടികളും ഉള്ളതിനാൽ ലോറി മറിഞ്ഞുകിടക്കുന്നത് ഇതുവഴി കടന്നു പോകുന്നവർക്ക് പെട്ടെന്ന് കാണാനാകില്ല.
അപകടത്തെതുടർന്ന് സ്വകാര്യകമ്പനികളുടെ ഇന്റർനെറ്റ് കേബിളുകൾ മുറിഞ്ഞു. കുടിവെള്ള പൈപ്പുകളും പൊട്ടി. ഇവയുടെ അറ്റകുറ്റപ്പണി ഇന്നലെ തന്നെ ആരംഭിച്ചു. വാഹനങ്ങൾ കുറഞ്ഞ ശേഷം രാത്രി വൈകിയാണ് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ, മറിഞ്ഞ ട്രെയിലർ ഉയർത്തുന്ന ജോലി ആരംഭിച്ചത്.