കടുങ്ങല്ലൂരിന് ‘താലൂക്ക് തലവേദന'
1575058
Saturday, July 12, 2025 4:39 AM IST
ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏത് താലൂക്കിൽ വരുമെന്ന് ചോദിച്ചാൽ ഗൂഗിൾ പറയും "ആലുവ താലൂക്ക് ' എന്ന് ! പക്ഷെ റവന്യൂരേഖകൾ പ്രകാരം പറവൂർ താലൂക്കിലും. അതുതന്നെയാണ് കടുങ്ങല്ലൂർ നിവാസികളുടെ തലവേദനയും.
കടുങ്ങല്ലൂർ പഞ്ചായത്തിനെ ആലുവ താലൂക്കിൽ ഉൾപ്പെടുത്തിയെന്ന ഗസറ്റ് വിജ്ഞാപനം ഇറങ്ങി പത്തു വർഷം കഴിഞ്ഞിട്ടും മൂന്ന് വില്ലേജിലും രണ്ട് താലൂക്കുകളിലുമായാണ് സർക്കാർ സേവനങ്ങൾ ലഭിക്കുന്നത്.
2014 സെപ്റ്റംബർ 23 ന് താലൂക്ക് മാറ്റം പ്രഖ്യാപിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയപ്പോൾ ഇതെല്ലാം പരിഹരിക്കപ്പെടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ആശയക്കുഴപ്പം ഇന്നും തുടരുകയാണ്.
നേരത്തെ പറവൂരിൽ ആയിരുന്ന ആർടി ഓഫീസ്, സിവിൽ സപ്ലൈസ്, എംപ്ലോയ്മെന്റ് ഓഫീസ്, ലേബർ ഓഫീസ് തുടങ്ങിയ സേവനങ്ങൾ ആലുവ താലൂക്കിന് കീഴിലേക്ക് ആക്കിയെങ്കിലും റവന്യൂ വകുപ്പിന്റെ താലൂക്ക് മാറ്റം ഇനിയും നടപ്പിലായിട്ടില്ല. അതിനാൽ പാസ്പോർട്ട്, പിഎസ്സി, സ്കൂൾ, കോളജ് പ്രവേശന അപേക്ഷകളിൽ 'താലൂക്ക് ആലുവ ' എന്ന് രേഖപ്പെടുത്തിയാൽ അപേക്ഷകൾ നിരസിക്കപ്പെടും.
മൂന്ന് വില്ലേജുകളിലായി മുറിഞ്ഞുകിടക്കുന്ന പഞ്ചായത്തിനെ ഒരു വില്ലേജിന്റെ പരിധിയിലാക്കണമെന്നതും ജനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യമാണ്. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും കടുങ്ങല്ലൂർ വില്ലേജിലാണ്. അതേസമയം പടിഞ്ഞാറെ കടുങ്ങല്ലൂർ മേഖല ആലങ്ങാട് വില്ലേജ് ഓഫീസിന് കീഴിലും കണിയാംകുന്ന് മേഖല ആലുവ വെസ്റ്റ് വില്ലേജിന് കീഴിലും.
ആലുവ നഗരവുമായി അതിർത്തി പങ്കിടുന്ന കടുങ്ങല്ലൂർ പഞ്ചായത്തിന് ആലുവ താലൂക്ക് ആസ്ഥാനമാണ് ഏറ്റവും സൗകര്യപ്രദം. പറവൂർ താലൂക്ക് ഓഫീസ് 15 കിലോമീറ്റർ ദൂരെയാണ്.
റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ആലുവയിലേക്ക് മാറ്റിയത് പരിഗണിച്ച് റവന്യൂ രേഖകളിലും ആലുവ താലൂക്ക് ആക്കണമെന്നാണ് കടുങ്ങല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികളുടെയും ആവശ്യം.