‘മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഫീവർ ക്ലിനിക് തുടങ്ങണം’
1575066
Saturday, July 12, 2025 4:50 AM IST
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി ജനറൽ ആശുപത്രിയിൽ ഫീവർ ക്ലിനിക്കും വാർഡും തുടങ്ങണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങിയതും പ്രഹസനമായതും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കി. ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകൾ വഴിയുള്ള മഞ്ഞപ്പിത്തവും മൂവാറ്റുപുഴ മേഖലയിൽ വ്യാപകമായി. ശുദ്ധജല ശ്രോതസുകൾ മലിനപ്പെടാതെ സംരക്ഷിക്കുന്ന പ്രവർത്തങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഫലപ്രദമാകാത്തത് മഞ്ഞപ്പിത്തം വ്യാപിക്കാൻ ഇടവരുത്തി.
ഹൈപ്പറ്റൈറ്റിസ് ബി ബാധിതരെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികാരികളെ പലതവണ അറിയിച്ചുവെങ്കിലും യാതൊരു നടപടിയുമില്ല. പ്രതിരോധ കുത്തിവയ്പ് സൗജന്യമായി രോഗ ബാധിത മേഖലകളിൽ ഉറപ്പാക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പ് നിസംഗത തുടരുകയാണ്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനവും ചികിത്സാ സൗകര്യങ്ങളും വേഗതയിൽ ഒരുക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.