ജില്ലാ ജയിലില്‍ "പച്ചത്തുരുത്ത്' ഒരുങ്ങുന്നു
1574798
Friday, July 11, 2025 5:06 AM IST
കൊച്ചി: ഹരിത കേരളം മിഷന്റെ ഒരു തൈ നടാം ജനകീയ കാമ്പയിന്റെ ഭാഗമായി കാക്കനാട് ജില്ലാ ജയിലില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു. ജയിലിലെ 40 സെന്റ് സ്ഥലത്ത് ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, ജില്ലാജയില്‍, തൃക്കാക്കര നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ സ്പോണ്സര്ഷിപ്പില് നൂറോളം ഫലവൃക്ഷ തൈകള്‍ പദ്ധതിക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന പൊതു സ്വകാര്യസ്ഥലങ്ങള്‍, പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലെ തരിശുഭൂമി, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാദേശികമായി വളരുന്ന മരങ്ങള്‍ നട്ടുവളര്‍ത്തി പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുന്ന ചെറുകാടുകള്‍ സൃഷ്ടിച്ചെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉമ തോമസ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാജയില്‍ സുപ്രണ്ട് എം.എം. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണിപിള്ള മുഖ്യാതിഥിയായി.
ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. വിജു, വെല്‍ഫയര്‍ ഓഫീസര്‍ ബേസില്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സി. വിജു, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ റ്റി.എസ്. ദീപു തുടങ്ങിയവരും പങ്കെടുത്തു.