കോടികൾ മുടക്കി നവീകരിച്ച അന്ധകാരത്തോട് വീണ്ടും കാട് കയറുന്നു
1574529
Thursday, July 10, 2025 4:46 AM IST
തൃപ്പൂണിത്തുറ: കോടികൾ മുടക്കി പുനരുദ്ധാരണം നടത്തി മനോഹരമാക്കിയ തൃപ്പൂണിത്തുറയിലെ അന്ധകാരത്തോട് തുടർ പരിചരണമില്ലാത്തതിനെ തുടർന്ന് വീണ്ടും കാടുകയറുന്നു. തോടിന്റെ ഇരുവശങ്ങളിലും പുല്ലും പച്ചയും വള്ളിപ്പടർപ്പുകളും പടർന്നു കയറിക്കഴിഞ്ഞു. തോടിന്റെ ഭിത്തിയിൽ കരിങ്കൽ പാകിയിട്ടിരിക്കുന്നതിന്റെ വിടവുകളിൽ നിന്നും കുറ്റിച്ചെടികളും വൃക്ഷത്തൈകളും വളർന്നു വലുതാകുകയാണ്.
പുറമേ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനായി 10 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫൈബർ വേലികളിലും വള്ളിപ്പടർപ്പുകൾ പടർന്നു കയറിക്കഴിഞ്ഞു. തോടിന്റെ തെക്കുഭാഗത്തുള്ള വേലി പുറത്തു കാണാൻ സാധിക്കാത്ത വിധം മുഴുവനായി പച്ച കയറിയിരിക്കുകയാണ്. ഈ സ്ഥിതിയിലെങ്കിലും തോടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാരംഭിച്ചില്ലെങ്കിൽ തോട് പുനരുദ്ധാരണം നടത്തിയതിന് മുൻപേയുണ്ടായ സ്ഥിതിയിലേയ്ക്ക് മടങ്ങാൻ കാലതാമസമുണ്ടാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
മുൻപ് തോടിനിരുവശവും ചെറുവൃക്ഷങ്ങൾ വളർന്ന് കയറി അവയുടെ വേരുകൾ മൂലം വശങ്ങളിലെ കരിങ്കല്ലുകൾ മുഴുവൻ ഇളകിമാറി കാടും പടലും പടർന്നു കയറി, ഇരുട്ട് മൂടി ഒഴുക്ക് നിലച്ച് പേരിനെ അന്വർത്ഥമാക്കും വിധം കിടന്നിരുന്ന അന്ധകാരത്തോട് എം.സ്വരാജ് എംഎൽഎയായിരുന്ന കാലത്താണ് 10 കോടി രൂപ ചെലവ് ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി നീരൊഴുക്ക് സുഗമമാക്കിയത്.
അന്ന് ചെയ്ത പ്രവർത്തനങ്ങളുടെ ഗുണഫലം ലഭിക്കാനാകാത്ത രീതിയിലാണ് തോടിൽ മുഴുവൻ ഇപ്പോൾ കാട് കയറിയിരിക്കുന്നത്.