നാലു വയസുകാരന്റെ മരണം: ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച്
1574772
Friday, July 11, 2025 4:25 AM IST
കൊച്ചി: ചെവിയിലെ പഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലു വയസുകാരന് മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കലൂര്‍ കറുകപ്പിള്ളിയിലെ ഇഎന്‍ടി ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ദേശാഭിമാനി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോലീസ് പ്രതിഷേധക്കാരെ നീക്കിയത്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഡിവിഷന് കൗണ്‍സിലറുമായ ആര്. രതീഷ് അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.ടി. സാജന്, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷ സി.ഡി. വത്സലകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ചെവിയിലെ പഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വെണ്ണല ചേലപ്പറമ്പ് വീട്ടില്‍ സി.ബി. അബിയുടെ മകന് ബദ്രിനാഥാണ് മരിച്ചത്. കഴിഞ്ഞ മാസം മൂന്നിനായിരുന്നു സംഭവം. മേയ് 15നാണ് ചെവിയിലെ പഴുപ്പ് നീക്കാന്‍ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. വൈകാതെ ആശുപത്രി വിടുകയും ചെയ്തു. തുടര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ അഡ്നോയിഡ് ഗ്ലാന്ഡിന് തകരാറുണ്ടെന്നും ചെവിക്ക് പിന്നിലെ അസ്ഥിയില്‍ മാംസം പിടിക്കുന്നുണ്ടെന്നും ഓപ്പറേഷനിലൂടെ ഇത് നീക്കണമെന്നും ഡോക്ടര്‍ അറിയിച്ചു.
ജൂണ്‍ രണ്ടിന് ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. മൂന്നിന് രാവിലെ 11.30നായിരുന്നു ഓപ്പറേഷന്. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയതിനാല്‍ അനസ്തേഷ്യ നല്‍കുമെന്നും അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെ തങ്ങള്‍ അറിയാതെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് അധികൃതര്‍ മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൈകിട്ട് 5.30ഓടെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.